റാസൽഖൈമ : നിയമലംഘനങ്ങൾക്ക് പോലീസ് കണ്ടുകെട്ടിയ വാഹനങ്ങൾ നേരത്തേ വിട്ടുകിട്ടുന്നതിന് ഉടമസ്ഥർ 20,000 ദിർഹംവരെ നൽകണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്.
പുതിയ നിയമങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിലാകും. ഗതാഗതനിയമങ്ങൾ പാലിക്കാതെ മാർച്ച് അല്ലെങ്കിൽ പരേഡിൽ പങ്കെടുക്കുന്നവരുടെ വാഹനങ്ങൾ 15 മുതൽ 120 ദിവസത്തേക്ക് പിടിച്ചെടുക്കും. നിശ്ചിത ദിവസങ്ങൾക്കുമുമ്പായി വാഹനം വിട്ടുകിട്ടണമെങ്കിൽ ഉടമസ്ഥൻ 1000 ദിർഹംമുതൽ 10,000 ദിർഹംവരെ പിഴ അടയ്ക്കണം.
നമ്പർ പ്ലേറ്റില്ലാതിരിക്കുക, തെറ്റായ നമ്പർ പ്ലേറ്റ് ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 120 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കും.വാഹനം തിരികെ ലഭിക്കണമെങ്കിൽ 20,000 ദിർഹം പിഴ നൽകണം. \അനുമതിയില്ലാതെ ഘടനയിൽ മാറ്റംവരുത്തുന്ന വാഹനങ്ങൾ 60 ദിവസത്തേക്കാണ് പിടിച്ചെടുക്കുക. കൂടാതെ വാഹനം സൂക്ഷിക്കാനായി 5000 ദിർഹം പിഴയും അടയ്ക്കണം.
വിനോദബൈക്കുകൾ റോഡിലൂടെ ഓടിച്ചാൽ 90 ദിവസത്തേക്കും മലിനീകരണമുണ്ടാക്കിയാൽ 30 ദിവസത്തേക്കും വാഹനം പിടിച്ചെടുക്കും. രണ്ടു നിയമലംഘനങ്ങൾക്കും 3000 ദിർഹംവീതം പിഴയും ഈടാക്കും.
ഒരുവർഷത്തിനുള്ളിൽ നിയമലംഘനം ആവർത്തിച്ചാൽ വാഹനം കണ്ടുകെട്ടുന്ന കാലയളവും പിഴയും ഇരട്ടിയാകും. പൊതു-സ്വകാര്യ റോഡുകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വാഹനങ്ങളുടെ ഭാഗങ്ങൾ ഉപേക്ഷിക്കുന്നവർക്കും പിഴ ചുമത്തും.
ഗതാഗതസുരക്ഷ മെച്ചപ്പെടുത്തുന്നതിനും അപകടകരമായ ഡ്രൈവിങ് രീതികൾ കുറയ്ക്കാനുമാണ് നിയമങ്ങൾ കർശനമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
Comments are closed.