യു.എ.ഇ.യിലെ ആദ്യ ‘വെർട്ടിക്കൽ റിസോർട്ട്’ തുറന്നു

ദുബായ് : യു.എ.ഇ.യിലെ ആദ്യത്തെ വെർട്ടിക്കൽ റിസോർട്ടായ വൺ ആൻഡ് ഒൺലി വൺ സബീൽ പ്രവർത്തനം തുടങ്ങി.കെർസ്‌നർ ഇന്റർനാഷണൽ വികസിപ്പിച്ച ആദ്യ വെർട്ടിക്കൽ റിസോർട്ടിൽ 15 നിലകളിലായി 229 ആഡംബര മുറികളും സ്യൂട്ടുകളുമുണ്ട്.

കൂടാതെ വൈവിധ്യമാർന്ന സേവനങ്ങളും ലോകോത്തര ഷെഫുകൾ തയ്യാറാക്കുന്ന രുചിയേറിയ ഭക്ഷണവും ആസ്വദിക്കാം. കായികസൗകര്യങ്ങളും ഭൂനിരപ്പിൽനിന്ന് 100 മീറ്റർ ഉയരത്തിൽ 120 മീറ്റർ നീളത്തിലുള്ള ഇൻഫിനിറ്റി പൂളും ഇവിടെയുണ്ട്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വെള്ളിയാഴ്ച വൺ ആൻഡ് ഒൺലി വൺ സബീൽ സന്ദർശിച്ചു. ദുബായുടെ സാമ്പത്തികവികസനത്തിൽ ടൂറിസംമേഖലയുടെ നിർണായകപങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമീപവർഷങ്ങളിൽ സന്ദർശകരുടെ എണ്ണം വർധിച്ചതിനാൽ ടൂറിസംമേഖലയിലും അത് പ്രതിഫലിച്ചതായും അദ്ദേഹം വിലയിരുത്തി.

ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായുടെ ഒന്നാം ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ ഷൈബാനി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Comments are closed.