അനാവശ്യമായ 2000 സർക്കാർ നടപടിക്രമങ്ങൾ റദ്ദാക്കാൻ ഉത്തരവിട്ട് ശൈഖ് മുഹമ്മദ്

ദുബായ് : അനാവശ്യമെന്ന് തോന്നുന്ന 2000 സർക്കാർ നടപടിക്രമങ്ങൾ റദ്ദാക്കാൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. ഒരു വർഷത്തിനകം ഇത്തരം നടപടിക്രമങ്ങളെല്ലാം നീക്കം ചെയ്യണം. കൂടാതെ നടപടികൾക്ക് ആവശ്യമായ സമയം പകുതിയായി കുറയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാഴാഴ്ച ആരംഭിച്ച പുതിയ സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാമിന്റെ (ഇസെഡ്.ജി.ബി.) ഭാഗമായാണ് ഉത്തരവ്.

അനാവശ്യ നടപടിക്രമങ്ങൾ നീക്കം ചെയ്യുന്നതിൽ മികവ് പുലർത്തുന്നവർക്ക് 10 ലക്ഷം ദിർഹം ഇൻസെന്റീവ് ബോണസും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. 30 ഫെഡറൽ സർക്കാർ സ്ഥാപനങ്ങളുടെ സാന്നിധ്യത്തിലാണ് ഇസെഡ്.ജി.ബി. പദ്ധതി ആരംഭിച്ചത്.

ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. സർക്കാർ സ്ഥാപനങ്ങൾ അവരുടെ സേവനങ്ങൾ വികസിപ്പിച്ചെടുക്കണം. അനാവശ്യനടപടികൾ ഒഴിവാക്കി സർക്കാർ സേവന മികവിൽ ലോകത്തെ നയിക്കുക എന്ന രാജ്യത്തിന്റെ ലക്ഷ്യം നടപ്പാക്കണം. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുകയും സേവന നിലവാരം ഉയർത്തുകയും വേണമെന്ന് സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാം പ്രഖ്യാപനവേളയിൽ ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

സർക്കാർ സേവന വികസന മാതൃക നടപ്പാക്കുന്നതിന്റെ ഭാഗമായി 106 സേവനങ്ങൾ വികസിപ്പിക്കുന്നതിൽ പ്രവർത്തിച്ച 30 വകുപ്പുകളുടെയും സർക്കാർ സ്ഥാപനങ്ങളുടെയും നേട്ടങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

യു.എ.ഇ. സർക്കാർ തുടക്കം മുതൽതന്നെ സേവനങ്ങൾ വികസിപ്പിക്കുന്നതിലും അനാവശ്യനടപടിക്രമങ്ങൾ കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നുവെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി പ്രസ്താവിച്ചു. ഏറ്റവും ലളിതവും വേഗമേറിയതും കാര്യക്ഷമവുമായാണ് സീറോ ഗവൺമെന്റ് ബ്യൂറോക്രസി പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അൽ ഗെർഗാവി പറഞ്ഞു.

ചടങ്ങിൽ ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഒന്നാം ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ സന്നിഹിതരായിരുന്നു.

Comments are closed.