മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ച് കോൺസുലേറ്റ്

ദുബായ് : യു.എ.ഇ.യിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന സേവനമേറ്റെടുക്കാൻ സ്ഥാപനങ്ങളിൽനിന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ക്വട്ടേഷൻ ക്ഷണിച്ചു. ഈരംഗത്ത് പ്രവർത്തനപരിചയമുള്ള സ്ഥാപനങ്ങൾ മാർച്ച് 11-ന് മുമ്പ് ക്വട്ടേഷൻ നൽകണമെന്നാണ് കോൺസുലേറ്റിന്റെ നിർദേശം.

യു.എ.ഇ.യിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിനോ, അല്ലെങ്കിൽ യു.എ.ഇ.യിൽതന്നെ സംസ്കരിക്കാനോ സൗകര്യമൊരുക്കാനാണ് സ്ഥാപനങ്ങളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചിരിക്കുന്നത്. ഈരംഗത്ത് മൂന്നുവർഷത്തിലേറെ പ്രവർത്തനപരിചയമുള്ള യു.എ.ഇ.യിൽ രജിസ്റ്റർചെയ്ത സ്ഥാപനങ്ങൾക്കും, ഏജൻസികൾക്കും ക്വട്ടേഷൻ നൽകാം.

www. cgidubai.gov.in എന്ന വെബ്‌സൈറ്റിൽ ഇതിന്റെ വിശദാംശങ്ങൾ കോൺസുലേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. യു.എ.ഇ.യിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സാധാരണഗതിയിൽ സ്പോൺസറോ, ജോലിചെയ്യുന്ന സ്ഥാപനമോ ആണ് വഹിക്കാറുള്ളത്. എന്നാൽ ചെലവ് ഏറ്റെടുക്കാൻ ആളില്ലാത്തസാഹചര്യങ്ങളിൽ കോൺസുലേറ്റോ, എംബസിയോ മൃതദേഹങ്ങൾ ഏറ്റെടുക്കും. അവ നാട്ടിലെത്തിക്കുകയോ, യു.എ.ഇ.യിൽ സംസ്കരിക്കുകയോ ചെയ്യും.

ഈ നടപടികൾക്കായാണ് ക്വട്ടേഷൻ ക്ഷണിച്ചിരിക്കുന്നത്. ക്വട്ടേഷൻ ലഭിക്കുന്ന സ്ഥാപനങ്ങൾ രണ്ടുവർഷത്തേക്കാണ് ഈ ചുമതലകൾ നിർവഹിക്കേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Comments are closed.