യു.എ.ഇ. നിയമങ്ങൾ ഇനി എല്ലാവർക്കുമറിയാം, വിലയിരുത്താം

അബുദാബി : യു.എ.ഇ. സ്ഥാപിതമായതുമുതൽ ഇന്നുവരെ പുറപ്പെടുവിച്ച എല്ലാ ഫെഡറൽ നിയമങ്ങളും നിയന്ത്രണങ്ങളും ഉത്തരവുകളും ഏത് വിഭാഗക്കാർക്കും ഇനി നേരിട്ടറിയാം. വിലയിരുത്തുകയുമാകാം. ഇതിനായി uaelegislation.gov.ae എന്ന നിയമനിർമാണ പ്ലാറ്റ്‌ഫോം ആരംഭിച്ചു. അറബിയിലും ഇംഗ്ലീഷിലും പൊതുജനങ്ങൾക്ക് ഇത് ലഭ്യമാണ്. സൈറ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

നിക്ഷേപകർ, പൗരൻമാർ, താമസക്കാർ, പ്രത്യേക വിഭാഗക്കാർ തുടങ്ങി എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ടുള്ള ഒരു പുതിയ നിയമനിർമാണ സംവിധാനമാണിത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യമറിയിച്ചത്. നീതിയാണ് ഭരണത്തിന്റെ അടിസ്ഥാനം.

ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് സൗഹൃദ അന്തരീക്ഷം ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. ഇ-ലെജിസ്ലേഷൻ പോർട്ടലിന്റെ ആമുഖം തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം അവതരിപ്പിച്ചു.

യു.എ.ഇ.യുടെ മൊത്തത്തിലുള്ള നിയമനിർമാണ പദ്ധതി അവലോകനം ചെയ്യുകയും ചെയ്തു. ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യം, നിയന്ത്രണ മേഖലകൾ തുടങ്ങി 73 ലേറെ നിയമനിർമാണങ്ങളാണ് രാജ്യം വിജയകരമായി പൂർത്തിയാക്കുന്നത്.

രാജ്യം സ്ഥാപിതമായതുമുതൽ ഇതുവരെ 50 ലേറെ സർക്കാർ വകുപ്പുകളും 1500 വിദഗ്ധരും ഇതിനായി ഒത്തൊരുമിച്ച് സഹകരിക്കുന്നുണ്ട്. ഊർജ സംക്രമണം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, ജല സുരക്ഷ, സാങ്കേതികവിദ്യ, സൈബർ സുരക്ഷ, വ്യവസായവത്കരണം തുടങ്ങി ആറ് പ്രധാന മേഖലകൾക്ക് ഊന്നൽ നൽകുന്ന നയത്തിന് മന്ത്രിസഭ അംഗീകാരം നൽകി.

ഗവേഷണ പരിപാടികളിൽ നിക്ഷേപിക്കുന്നതിലൂടെ സാമ്പത്തിക മേഖല അഭിവൃദ്ധിപ്പെടുകയും തലമുറകൾക്ക് അവസരങ്ങൾ വർധിക്കുകയും ചെയ്യും. സ്ത്രീകളുടെ ആരോഗ്യത്തിനായുള്ള ദേശീയ നയത്തിനും മന്ത്രിമാരുടെ കൗൺസിൽ അംഗീകാരം നൽകി.

Comments are closed.