ദുബായ് : യു.എ.ഇ. യിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനില ശനിയാഴ്ച രേഖപ്പെടുത്തി.റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ ശനിയാഴ്ച പുലർച്ചെ അഞ്ച് മണിക്ക് 4.2 ഡിഗ്രി സെൽഷ്യസ് ആണ് താപനില രേഖപ്പെടുത്തിയത്.ജനുവരി 10- ന് അൽഐനിലെ റക്‌നയിൽ 5.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെമ്പാടും കാറ്റും മഴയും തുടരുകയാണ്.
ശൈത്യകാലം കടുത്തതോടെ വിന്റർ മാർക്കറ്റുകളിലും തിരക്കുകൂടിയിട്ടുണ്ട്. ബീച്ചുകളും മരുഭൂമിയിലെ വിനോദകേന്ദ്രങ്ങളിലും ഒട്ടേറെ പേരാണ് ഒത്തുകൂടുന്നത്.താമസക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഇടമായ ജബൽജെയ്‌സിലും തിരക്ക് കൂടി.മഞ്ഞുവീഴ്ച യു.എ.ഇയിൽ അപൂർവമാണെങ്കിലും 2009, 2017- ലും ജബൽജെയ്‌സിൽ പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താപനില താഴ്ന്നിട്ടുണ്ട്. ഒമാൻ ജബൽ ഷംസിൽ താപനില മൂന്ന് ഡിഗ്രി സെൽഷ്യസായി കുറഞ്ഞതായാണ് വിവരം.
അതേസമയം സൗദി അറേബ്യയിൽ വെള്ളിയാഴ്ച കനത്ത ശീതക്കാറ്റ് അനുഭവപ്പെട്ടു. തബൂക്ക് മേഖലയിലെ പർവതങ്ങളിൽ മഞ്ഞ് രൂപപ്പെട്ടതായാണ് വിവരം.ഇവിടെനിന്നുള്ള ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വെള്ളിയാഴ്ച പുലർച്ചെ ജിദ്ദയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസായിരുന്നുവെന്ന്സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ വിഭാഗം വക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു. യാമ്പുവിൽ എട്ട് ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.
മിക്കയിടത്തും മണൽകാറ്റും ശീതക്കാറ്റും രൂക്ഷമാണ്. നജ്റാൻ മേഖലയുടെ കിഴക്കൻ ഭാഗങ്ങളിലും മോശം കാലാവസ്ഥയാണ്.വടക്കൻ അതിർത്തി, അൽ-ജൗഫ് മേഖലകളിൽ ആകാശം ഭാഗികമായി മേഘാവൃതമാണ്. കനത്ത മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളുടെ ഉയർന്ന ഭാഗങ്ങളിൽ നേരിയ മഞ്ഞുവീഴ്ചയും ഉണ്ടാകും. ജിസാൻ, അസീർ, അൽ-ബഹ എന്നീ ഉയർന്ന പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
Comments are closed.