അബുദാബി : ഭാവി ചാന്ദ്രദൗത്യങ്ങൾക്ക് കരുത്തുപകരാൻ സഹായിക്കുന്ന നാസയുടെ ലൂണാർ ഗേറ്റ് വേ സ്റ്റേഷനുമായുള്ള സഹകരണം യു.എ.ഇ. ആരംഭിച്ചു. ചാന്ദ്രഭ്രമണപഥത്തിലേക്കുള്ള ലൂണാർ ഗേറ്റ് വേയിലേക്ക് ഒരു എയർലോക്കാണ് യു.എ.ഇ. സംഭാവന ചെയ്യാനുദ്ദേശിക്കുന്നത്. ദുബായ് മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിൽ (എം.ബി.ആർ.എസ്.സി.) നിന്നുള്ള സംഘം പദ്ധതിയുടെ നിർണായക ഘടകമായ എയർലോക്ക് വികസിപ്പിക്കാൻ ആരംഭിച്ചതായി കേന്ദ്രം ഡയറക്ടർ ജനറൽ സലേം അൽ മർറി പറഞ്ഞു.
ഹൂസ്റ്റണിൽ നാസയുടെ ജോൺസൺ സ്പേസ് സെന്ററിൽ യു.എ.ഇ. ബഹിരാകാശ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തി. ബഹിരാകാശ നിലയത്തിൽനിന്ന് പുറത്തുകടക്കാനും പ്രവേശിക്കാനും ഉപയോഗിക്കുന്ന ഒരു എയർടൈറ്റ് മുറിയാണ് എയർലോക്ക്. 2028-നകം നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. യു.എ.ഇ.യുടെ ബഹിരാകാശ യാത്രികരായ സുൽത്താൻ അൽ നെയാദി, ഹസ്സ അൽ മൻസൂരി, മുഹമ്മദ് അൽ മുല്ല, നോറ അൽ മത്രൂഷി എന്നിവർ ലൂണാർ ഗേറ്റ്‌വേയുടെ ഒരു ഭാഗത്തിന്റെ പ്രോട്ടോടൈപ്പ് പരിശോധിക്കുന്ന ചിത്രങ്ങൾ അൽ മർറി എക്സിലൂടെ പുറത്തുവിട്ടു.
ഈ മാസം ആദ്യം പ്രധാന ബഹിരാകാശ സംരംഭത്തെ പിന്തുണക്കുന്നതിനായി യു.എസുമായി യു.എ.ഇ. കരാറൊപ്പിട്ടിരുന്നു. എയർലോക്ക് വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര കമ്പനികളുമായാണ് എം.ബി.ആർ.എസ്.സി. പ്രവർത്തിക്കുന്നത്.
യു.എസ്., ജപ്പാൻ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയാണ് ലൂണാർ ഗേറ്റ് വേയുമായി സഹകരിക്കുന്ന പ്രധാനരാജ്യങ്ങൾ. ഏതാണ്ട് 36.72 കോടി ദിർഹം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ യഥാർഥ തുക വെളിപ്പെടുത്തിയിട്ടില്ല. യു.എ.ഇ. ബഹിരാകാശ സഞ്ചാരികൾക്ക് ചാന്ദ്രഭ്രമണപഥത്തിലേക്കുള്ള പ്രവേശനവും കരാറിലുണ്ട്. പദ്ധതി പൂർത്തിയായാൽ നാസയുടെ സ്പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിൽ എയർലോക്ക് വിക്ഷേപിക്കും. ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന ബഹിരാകാശ നിലയമാണ് ലൂണാർ ഗേറ്റ് വേ. ലൂണാർ ഗേറ്റ് വേയിലേക്ക് 10 ടൺ ഭാരം വരുന്ന ഒരു യൂണിറ്റാണ് (എയർലോക്ക്) യു.എ.ഇ. വികസിപ്പിക്കുന്നത്. ഇതിനുപുറമേ യു.എ.ഇ.യിൽ ഒരു ബഹിരാകാശ പ്രവർത്തനകേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്.
Comments are closed.