ദുബായ് : ഇ-സ്കൂട്ടർ, സൈക്കിൾ നിയമലംഘനങ്ങൾ കണ്ടെത്താൻ നിർമിത ബുദ്ധി (എ.ഐ.) റോബോട്ടുകളെ പരീക്ഷിക്കാനൊരുങ്ങി ദുബായ്. ഇതിനായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും (ആർ.ടി.എ.) ടെർമിനസ് ഗ്രൂപ്പും തമ്മിൽ മെന ട്രാൻസ്പോർട്ട് കോൺഗ്രസ് ആൻഡ് എക്സിബിഷനിൽ കരാർ ഒപ്പിട്ടു.
ജുമൈര മൂന്നിലെ ബീച്ചിലാണ് ആദ്യഘട്ടത്തിൽ റോബോട്ടുകൾ പരീക്ഷിക്കുക. രണ്ടുകിലോമീറ്റർ പരിധിയിലുള്ള നിയമലംഘനങ്ങൾ അഞ്ചുസെക്കന്റിനകം രേഖപ്പെടുത്താൻ സാധിക്കുമെന്നതാണ് സവിശേഷത. ഹെൽമെറ്റ് ധരിക്കാതിരിക്കുക, അനധികൃത പാർക്കിങ്, നിയുക്ത പാതകളിലൂടെയല്ലാതെയുള്ള സഞ്ചാരം തുടങ്ങിയ നിയമലംഘനങ്ങൾ റോബോട്ട് കണ്ടെത്തും. നിയമലംഘനത്തിന്റെ വിവരങ്ങൾ ദുബായ് പോലീസുമായി പങ്കിടുകയും ചെയ്യും.
സുരക്ഷാ പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്ക് 300 ദിർഹം വരെയാണ് പിഴ. വ്യത്യസ്ത കാലാവസ്ഥകളിൽ കാര്യക്ഷമായി പ്രവർത്തിക്കാൻ റോബോട്ടിന് കഴിയും. എമിറേറ്റിലെ എല്ലാ റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കിയാണ് റോബോട്ട് സഞ്ചരിക്കുക. സഞ്ചാരവീഥിയിൽ ഒന്നര മീറ്ററിനുള്ളിൽ ഏതെങ്കിലും വസ്തുവിന്റെയോ ആളുകളുടെയോ സാന്നിധ്യമുണ്ടായാൽ പ്രവർത്തനം സ്വയമേവ നിർത്തുകയും ചെയ്യും
Comments are closed.