ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് : രണ്ട് ഫാസ്റ്റ് ലൈനിലും വേഗപരിധി പാലിക്കണം

അബുദാബി : ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ രണ്ട് ഫാസ്റ്റ് ലൈനുകളിലും നിശ്ചിത വേഗപരിധി പാലിക്കണമെന്ന് അബുദാബി പോലീസ്. രണ്ട് ഫാസ്റ്റ് ലൈനിലും കുറഞ്ഞത് മണിക്കൂറിൽ 120 കി.മീ. വേഗതയിൽ വാഹനമോടിക്കണം. മണിക്കൂറിൽ 140 കി.മീ.യാണ് പരമാവധി വേഗത. പതുക്കെ പോയാൽ 400 ദിർഹം പിഴയീടാക്കുമെന്നും പോലീസ് അറിയിച്ചു. ഇരുദിശയിലേക്കും നിയമം ബാധകമാണെന്നും അബുദാബി പോലീസ് അറിയിച്ചു. അതേസമയം, മൂന്നാമത്തെ ലൈനിലും ട്രക്കുകൾക്കുള്ള വലതുവശത്തെ ലൈനിലും കുറഞ്ഞ വേഗത ബാധകമല്ല. മണിക്കൂറിൽ 120 കിലോമീറ്ററിൽ താഴെ വാഹനമോടിക്കാൻ ഈ പാതകൾ ഉപയോഗിക്കാം.

ഡ്രൈവർമാരുടെ സുരക്ഷ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള തീരുമാനം കഴിഞ്ഞ ഏപ്രിലിലാണ് പ്രാബല്യത്തിലായത്. ഗതാഗത ഒഴുക്ക് സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും കുറഞ്ഞ വേഗപരിധി നിയമം ലക്ഷ്യമിടുന്നുണ്ട്. ഡ്രൈവർമാർ എപ്പോഴും ജാഗ്രത പാലിക്കണമെന്നും റോഡ് വ്യക്തമാകാതെ പാത മാറരുതെന്നും പോലീസ് നിർദേശിച്ചു. അബുദാബിയിലെ ഗതാഗത നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ശൈഖ് ഖലീഫ ബിൻ സായിദ് ഇൻറർനാഷണൽ സ്ട്രീറ്റിൽ വലിയ വാഹനങ്ങൾക്ക് മറികടക്കാൻ അനുമതി നൽകി. വലതുവശത്തെ രണ്ടാമത്തെ ലെയ്നിലൂടെയാണ് വാഹനങ്ങൾക്ക് മറികടക്കാൻ അനുമതി നൽകിയിരിക്കുന്നത്. ബെനോന ബ്രിഡ്ജിൽനിന്ന് ഇകാദ് ബ്രിഡ്ജിലേക്കും തിരിച്ചുമുള്ള പാതയിലാണ് നിയമത്തിൽ ഇളവ് ലഭിക്കുക. വലിയ വാഹനങ്ങൾ ഓടിക്കുന്നവർ സ്വന്തം സുരക്ഷയ്ക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും മുൻഗണന നൽകണം. അധികൃതർ നൽകുന്ന മാർഗ നിർദേശങ്ങൾ പാലിച്ചായിരിക്കണം വാഹനങ്ങൾ ഓടിക്കേണ്ടത്. മറികടക്കുന്നില്ലെങ്കിൽ റോഡിന്റെ വലത്തേ ലൈനിലൂടെ മാത്രമേ വലിയ വാഹനങ്ങൾ പോകാൻ പാടുള്ളു.

ഈ വർഷത്തെ സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് അബുദാബി. ഓൺലൈൻ ഡേറ്റ ബേസ് കമ്പനിയായ നമ്പിയോ ആണ് സർവേ നടത്തിയത്. അബുദാബി പോലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ 329 നഗരങ്ങളുടെ ലിസ്റ്റ് ആണ് പുറത്തു വിട്ടിരിക്കുന്നത്.

Comments are closed.