അബൂദബി: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സേവനങ്ങൾ ഉറപ്പാക്കാൻ ടൂറിസറ്റ് പൊലീസ് പദ്ധതിയുമായി അബൂദബി പൊലീസ്. വിനോദത്തിനായി ജനങ്ങൾ എത്തുന്നയിടങ്ങളിൽ ക്ലബ് കാറിൽ റോന്ത് ചുറ്റുകയും സുരക്ഷ ഉറപ്പു വരുത്തുന്നത് അടക്കമുള്ള ആവശ്യമായ സഹായ സേവനങ്ങൾ നൽകുന്നതുമാണ് പദ്ധതി. അബൂദബി എമിറേറ്റിന്റെ സുരക്ഷ എല്ലാ മേഖലയിലും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ടൂറിസ്റ്റ് പൊലീസ് പദ്ധതി നടപ്പാക്കുന്നതെന്നും അബൂദബിയെ ലോകോത്തര ടൂറിസം നഗരമാക്കുകയാണ് ലക്ഷ്യമെന്നും പൊലീസ് ടീമിൻ്റെ പട്രോളിങ് ഉദ്ഘാടനം ചെയ്ത് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഡയറക്‌ടർ ജനറൽ മുഹമ്മദ് സുഹൈൽ അൽ റശ്‌ദി വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുക, കുറ്റകൃത്യങ്ങൾ തടയുക, എമിറേറ്റിലെത്തുന്ന സഞ്ചാരികൾക്കും താമസക്കാർക്കും മികവുറ്റ സേവനങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ടൂറിസ്റ്റ് പൊലീസ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പദ്ധതിയുടെ ഭാഗമായി യു.എ.ഇയിലെയും അബൂദബിയിലെയും നിയമങ്ങളും പാലിക്കേണ്ട മാർഗ നിർദേശങ്ങളും ഉൾപ്പെടുത്തിയ ലഘുലേഖകൾ വിവിധ ഭാഷകളിൽ വിതരണം ചെയ്യും.
അബൂദബിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ടാക്സി സേവനം, ഡ്രൈവിങ് നിയമങ്ങൾ, വിവിധ ഡിപാർട്ടുമെന്റുകളുടെ സഹായം, എമർജൻസി നമ്പറുകൾ തുടങ്ങിയവ ലഘുലേഖയിൽ ഉൾപ്പെടുത്തും. അബൂദബിയിലെ താമസക്കാരിൽ 93 ശതമാനത്തിലേറെയും രാത്രിയിൽ തനിച്ചു നടക്കുന്നതിൽ സുരക്ഷിതബോധം അനുഭവിച്ചവരാണെന്ന് സാമൂഹിക വികസന വകുപ്പ്(ഡി.സി.ഡി.)സർവേ നേരത്തെ പുറത്തുവന്നിരുന്നു.
വകുപ്പ് സംഘടിപ്പിക്കുന്ന ജീവിത നിലവാര സർവേ (ക്യു.ഒ.എൽ.എസ്)യുടെ മൂന്നാം ഘട്ടത്തിൽ പങ്കെടുത്ത 82761 പേരുടെ പ്രതികരണങ്ങളെ ആസ്പദമാക്കിയാണ് റിപോർട്ട് തയ്യാറാക്കിയത്. സാമ്പത്തിക സഹകരണ, വികസന സംഘടന(ഒ.ഇ.സി.ഡി.)യുടെ ആഗോള സർവേ മാതൃകയിലായിരുന്നു അബൂദബിയിലും ഇത്തരമൊരു സർവേ നടത്തിയത്. 2020ൽ 93 ശതമാനമായിരുന്നു ഈ അഭിപ്രായം പങ്കുവച്ചത്. മറ്റേതൊരു ഒ.ഇ.സി.ഡി. രാജ്യത്തേക്കാളും ഉയർന്ന ശതമാനമാണിത്.
Comments are closed.