ഷെയ്ഖ് സായിദ് റോഡിൽ നിന്ന് പാലം; 3 മിനിറ്റിൽ ദുബായ് ഹാർബറിലെത്താം

ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ നിന്ന് നേരിട്ട് ദുബായ് ഹാർബറിലേക്ക് പാലം വരുന്നു. 1.5 കിലോമീറ്റർ നീളത്തിൽ ഇരുവശത്തേക്കും രണ്ടു വീതം വരികളുള്ള രണ്ടു പാലങ്ങളാണ് നിർമിക്കുക. ഷെയ്ഖ് സായിദ് റോഡിൽ അമേരിക്കൻ യൂണിവേഴ്സിറ്റിക്ക് സമീപത്തു നിന്നു തുടങ്ങുന്ന പാലം ഹാർബർ സ്ട്രീറ്റിൽ അവസാനിക്കും.

നസീം സ്ട്രീറ്റ്, ഫലക് സ്ട്രീറ്റ്, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ് എന്നിവയ്ക്കു മുകളിലൂടെയാണ് പാലം ഹാർബറിലെത്തുക. ഷമൽ ഹോൾഡിങ്സുമായി ദുബായ് ആർടിഎ നിർമാണ കരാർ ഒപ്പുവച്ചതായി ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറ‍ഞ്ഞു. മണിക്കൂറിൽ 6000 വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയുന്ന പാലം 12 മിനിറ്റുള്ള യാത്രയെ 3 മിനിറ്റായി കുറയ്ക്കും. പാലം പൂർത്തിയാകുന്നതോടെ കടൽ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്രയ്ക്കും അവസരമൊരുങ്ങുന്നു.

ബ്ലൂവാട്ടേഴ്സ് ഐലൻഡിനും പാം ജുമൈറയ്ക്കും സമീപമുള്ള ദുബായ് ഹാർബർ, പുതിയ പാലം വരുന്നതോടെ വിനോദ സഞ്ചാരികളുടെ അടുത്ത ലക്ഷ്യമായി മാറും. ബുർജ് അൽ അറബ്, എക്സ്പോ സിറ്റി, സ്കൈ ഡൈവ് ദുബായ് തുടങ്ങിയ വിനോദ സഞ്ചാര ഇടങ്ങൾ സമീപമുള്ളതിനാൽ പുതിയ പാലം ഈ സ്ഥലങ്ങളിലെ തിരക്ക് വർധിപ്പിക്കും.

Comments are closed.