ഷാർജയുടെ പുതിയ ബ്രാൻഡ് ലോഗോ അവതരിപ്പിച്ചു

ഷാർജ : എമിറേറ്റിന്റെ പൈതൃക, ദൃശ്യ, സാംസ്കാരിക സവിശേഷതകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘നിങ്ങളുടെ ഷാർജ’ എന്ന പുതിയ ലോഗോ ഷാർജ ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ചു. അൽനൂർ ദ്വീപിൽ നടന്ന ചടങ്ങിലാണ് ലോഗോ അവതരിപ്പിച്ചത്.

കഴിഞ്ഞ 52 വർഷങ്ങളിലെ എമിറേറ്റിന്റെ യാത്രയുടെ നേർക്കാഴ്ച നൽകുന്നതാണ് പുതിയ ബ്രാൻഡ് ലോഗോ. പുതിയ ലോഗോയിലുള്ള രണ്ടു ജനാലകൾ എമിറേറ്റ് പര്യവേക്ഷണം ചെയ്യാനുള്ള വിശാലമായ വാതിലുകളെ പ്രതിനിധീകരിക്കുന്നു. ഷാർജ ഭരണാധികാരിയും സുപ്രീംകൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കാഴ്ചപ്പാടാണ് പുതിയ ലോഗോയിൽ പ്രതിഫലിക്കുന്നതെന്ന് ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് പറഞ്ഞു.

വിനോദസഞ്ചാരം, താമസം, തൊഴിൽ, വിദ്യാഭ്യാസം, നിക്ഷേപം എന്നിവയുടെ കേന്ദ്രമെന്നനിലയിലുള്ള ആകർഷണീയതയ്ക്ക് പുറമേ എമിറേറ്റിന്റെ സവിശേഷതകളും ഉൾപ്പെടുത്തിക്കൊണ്ടാണ് ലോഗോ വികസിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.