ഷാർജ : പ്രകാശംകൊണ്ട് വിസ്മയം സൃഷ്ടിക്കുന്ന ഷാർജ ലൈറ്റ് ഫെസ്റ്റിവലിന് മുന്നോടിയായി ലൈറ്റ് വില്ലേജ് വ്യാഴാഴ്ച തുറന്നു. ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി ഹാളിന് സമീപത്തായാണ് ലൈറ്റ് വില്ലേജ്. 13-ാമത് ഷാർജ പ്രകാശോത്സവത്തിന് അടുത്ത ബുധനാഴ്ച തുടക്കമാകും.
18 വരെയാണ് പരിപാടി. എമിറേറ്റിന്റെ മുഖമുദ്രകളായ 12 കെട്ടിടങ്ങളിൽ തുടർച്ചയായി 12 ദിവസമാണ് ഉത്സവം.
ഷാർജയ്ക്ക് നിറങ്ങൾപകരുന്ന ഉത്സവംകാണാൻ ഒട്ടേറെപേർ എത്തുമെന്നാണ് പ്രതീക്ഷ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡിവലപ്‌മെന്റ് അതോറിറ്റിയാണ് പ്രകാശോത്സവം സംഘടിപ്പിക്കുന്നത്. ഷാർജയുടെ സാംസ്കാരിക പൈതൃകകെട്ടിടങ്ങൾ കേന്ദ്രീകരിച്ചാണ് ഫെസ്റ്റിവൽ അരങ്ങേറുക.
ഷാർജ പോലീസ് ആസ്ഥാനം, അൽ ഹംറിയ മാർക്കറ്റ്, കൽബ വാട്ടർ ഫ്രണ്ട്, ഖാലിദ് ലഗൂൺ, അൽ മജാസ് വാട്ടർഫ്രണ്ട്, ബീആ ആസ്ഥാനം, അൽ ദൈദ് ഫോർട്ട്, ഷാർജ മസ്ജിദ്, ശൈഖ് റാഷിദ് അൽ ഖാസിമി മസ്ജിദ്, അൽ നൂർ മസ്ജിദ്, അൽ റഫീസ ഡാം, ദിബ്ബ അൽ ഹിൻസ് സിറ്റി തുടങ്ങിയയിടങ്ങളിൽ പ്രകാശോത്സവം കാണാം.
ലൈറ്റ് വില്ലേജിൽ യു.എ.ഇ.യുടെ 55 പദ്ധതികൾ പ്രദർശിപ്പിക്കുന്നുണ്ട്. നൂതന സാങ്കേതികവിദ്യയും ശബ്ദ സംവിധാനങ്ങളും സമന്വയിപ്പിച്ച് ഷാർജയുടെ പൈതൃകം മേളയിൽ പ്രദർശിപ്പിക്കും.
ആഗോള ടൂറിസം ഭൂപടത്തിൽ ഷാർജയുടെ സാന്നിധ്യം ഉറപ്പിക്കാൻ ലൈറ്റ് ഫെസ്റ്റിവലിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ ആഘോഷത്തിൽ 13 ലക്ഷം പേരാണ് സന്ദർശകരായി എത്തിയത്. ഞായർ മുതൽ ബുധൻ വരെ വൈകീട്ട് ആറു മുതൽ രാത്രി 11 വരെയും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് ആറു മുതൽ അർധരാത്രിവരെയുമാണ് സമയം
Comments are closed.