ഷാർജ പൈതൃകദിനങ്ങൾ’ ആരംഭിച്ചു

ഷാർജ : ഇമിറാത്തി സംസ്കാരത്തിന്റെ പ്രധാന ആഘോഷങ്ങളിലൊന്നായ ‘ഷാർജ പൈതൃകദിനങ്ങളു’ടെ 21-ാം പതിപ്പിന് വ്യാഴാഴ്ച തുടക്കമായി. ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരമ്പരാഗത ഇമിറാത്തി പ്രകടനങ്ങളും അദ്ദേഹം വീക്ഷിച്ചു. ‘കണക്ട്‌’ എന്ന പ്രമേയത്തിലാണ് ഈ വർഷം പരിപാടി നടക്കുന്നത്.ഷാർജ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെറിറ്റേജ് സംഘടിപ്പിക്കുന്ന പരിപാടിയിൽ 13 അറബ്, വിദേശ രാജ്യങ്ങളും 25 സർക്കാർ ഏജൻസികളും പങ്കെടുക്കുന്നുണ്ട്.

ഷാർജ സിറ്റി, അൽ ഹംരിയ, ദിബ്ബ അൽ ഹിസ്ൻ, ഖോർഫക്കാൻ, കൽബ, അൽ ദൈദ് എന്നിങ്ങനെ ആറുനഗരങ്ങളിലായി അടുത്തമാസം മൂന്നുവരെയാണ് പൈതൃകദിന ആഘോഷങ്ങൾ അരങ്ങേറുക.വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികൾക്കൊപ്പം ഇമിറാത്തി കരകൗശലവസ്തുക്കളുടെ പ്രദർശനങ്ങൾ, പരമ്പരാഗത ഗെയിമുകൾ, പരിശീലനശില്പശാലകൾ, പ്രഭാഷണങ്ങൾ, ചർച്ചകൾ എന്നിവയുമുണ്ടാകും.

പൈതൃകസംരക്ഷണവും കലയും സംസ്കാരവും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയാണ് മേളയുടെ പ്രധാന ലക്ഷ്യം. പുതിയ നാഗരിക സംസ്കാരം നൂറ്റാണ്ടുകൾക്കുമുൻപുള്ള പൈതൃകവുമായി ബന്ധപ്പെടുത്തിയ ഒട്ടേറെ കാഴ്ചകളും ആസ്വാദനകലകളുടെ അവതരണങ്ങളും ഷാർജ പൈതൃകമേളയിലുണ്ട്.

ഈമാസം 26, 27 തീയതികളിൽ അൽ ഹംരിയയിലും 27, 28 തീയതികളിൽ ദിബ്ബ അൽ ഹിസ്‌നിലും 28, 29 തീയതികളിൽ ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലും അനുബന്ധമായി പൈതൃകമേള ഉണ്ടായിരിക്കും.

പഴയകാലത്ത് ഉപയോഗിച്ചിരുന്ന വിവിധവസ്തുക്കളുടെ പ്രദർശനങ്ങളും അൽ ദൈദിൽ അടക്കം ഉണ്ടായിരിക്കും. ഷാർജ പൈതൃകമേളയോടനുബന്ധിച്ച് നാടൻ കലാപ്രകടനങ്ങളുമുണ്ട്. മൂന്നിനാണ് മേള സമാപിക്കുക.

Comments are closed.