ഷാർജയിൽ എംബാമിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി

ഷാർജ : പുതുതായി സ്ഥാപിച്ച ഷാർജയിലെ എംബാമിങ് കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങി. ചൊവ്വാഴ്ച ഷാർജയിൽ മരിച്ച മലപ്പുറം എരമംഗലം സ്വദേശി വക്കാട്ട് പാത്തക്കുട്ടി തെക്കാമലിന്റെ മൃതദേഹമാണ് ആദ്യമായി എംബാം ചെയ്തത്.

യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക ഉത്തരവിലാണ് പുതിയ എംബാമിങ് കേന്ദ്രം പ്രവർത്തനം തുടങ്ങിയത്.

ഷാർജ വിമാനത്താവളത്തിനടുത്തുള്ള അൽ റിഫ പാർക്കിനുസമീപത്തെ ഫൊറൻസിക് ലബോറട്ടറി കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇതോടെ ഉമ്മുൽഖുവൈൻ, റാസൽഖൈമ, അജ്മാൻ, ഫുജൈറ എന്നീ എമിറേറ്റുകളിൽനിന്നുള്ള മൃതദേഹങ്ങൾ ഷാർജയിൽ എംബാം ചെയ്യുന്നത് കൂടുതൽ എളുപ്പമാകും.

ഡോക്ടർ, നഴ്സ്, ടെക്നീഷ്യൻ, സഹായികൾ അടക്കമുള്ള ജീവനക്കാരെയും പുതുതായി ഷാർജ എംബാമിങ് കേന്ദ്രത്തിൽ സർക്കാർ നിയമിച്ചിട്ടുണ്ട്.ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ ഭരണസമിതികളും എംബാമിങ് കേന്ദ്രം ഷാർജയിൽ ആരംഭിക്കുന്നതിന് ശ്രമം നടത്തിയിരുന്നു.

യു.എ.ഇ. യിലെ നാലാമത്തെ എംബാമിങ് കേന്ദ്രമാണ് ഷാർജയിൽ ആരംഭിച്ചത്. ദുബായ്, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലാണ് വിദേശികൾക്കായുള്ള മറ്റു കേന്ദ്രങ്ങൾ. റാസൽഖൈമയിലുണ്ടായിരുന്ന എംബാമിങ് കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്നില്ല.

ദുബായ് സോനാപ്പൂരിലെ എംബാമിങ് കേന്ദ്രത്തിൽ നടപടികൾ പൂർത്തിയാക്കിയാണ് ഇതുവരെ വടക്കൻ എമിറേറ്റുകളിൽനിന്നുള്ള മൃതദേഹങ്ങൾ ഷാർജ വിമാനത്താവളം വഴി സ്വദേശങ്ങളിലേക്ക് കൊണ്ടുപോകുന്നത്.

വടക്കൻ എമിറേറ്റുകളിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കടക്കം ദുബായ് എംബാമിങ് കേന്ദ്രത്തിലെത്താനുള്ള ബുദ്ധിമുട്ടിനും ഇതോടെ പരിഹാരമാകും.

Comments are closed.