മസ്കറ്റ് : ബജറ്റ് എയർലൈനായ എയർ അറേബ്യയുടെ സൊഹാർ-ഷാർജ സർവീസുകൾ തിങ്കളാഴ്ച പുനരാരംഭിച്ചു. തിങ്കൾ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിൽ മൂന്ന് സർവീസുകളാണുള്ളത്. സൊഹാറിൽനിന്ന് ഷാർജ വഴി കേരളാ സെക്ടറിലേക്ക് കണക്‌ഷൻ വിമാനങ്ങൾ ഉണ്ടാകും. ബാത്തിന, ബുറൈമി മേഖലകളിൽനിന്ന് മസ്കറ്റിലെത്തി നാട്ടിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികളെ സംബന്ധിച്ച് ആശ്വാസകരമായ സർവീസുകളാണ് ഇവ.
കൊച്ചി, തിരുവനന്തപുരം യാത്രക്കാർക്ക് സൊഹാറിൽനിന്ന് ഷാർജയിലെത്തി ഒരു മണിക്കൂർ കാത്തിരുന്നാൽ മതിയാകും. ഇരു വിമാനത്താവളങ്ങളിലേക്കും 38 റിയാൽ മുതലാണ് നിരക്കുകൾ. കോഴിക്കോട് യാത്രക്കാർക്ക് ഷാർജയിലെത്തിയാൽ 10 മണിക്കൂർ വരെ കാത്തിരിക്കണം. 62 റിയാൽ മുതലാണ് കോഴിക്കോട്ടേക്കുള്ള നിരക്കുകൾ
തിങ്കൾ,ബുധൻ,വ്യാഴം ദിവസങ്ങളിൽ പ്രാദേശിക സമയം രാവിലെ 10 മണിക്ക് സൊഹാറിൽനിന്ന് പുറപ്പെട്ട് 10.40-ന് ഷാർജയിൽ എത്തുന്ന രീതിയിലാണ് സർവീസുകൾ. അതേ ദിവസങ്ങളിൽ ഷാർജയിൽനിന്നുമുള്ള വിമാനം രാവിലെ 8.40-ന് പുറപ്പെട്ട് 9.20-ന് സൊഹാറിൽ എത്തും.
ക്യാബിൻ ബാഗേജ് പത്ത് കിലോ മാത്രമുള്ളതും ചെക്ക്-ഇൻ ബാഗേജ് മുപ്പത് കിലോ കൊണ്ടുപോകാൻ കഴിയുന്നതുമായ രണ്ടുതരം ടിക്കറ്റുകളാണ് വെബ്‌സൈറ്റിൽ കാണിക്കുന്നത്. ഭൂരിഭാഗം വിമാന കമ്പനികളും ഹാൻഡ് ബാഗേജ് ഏഴ് കിലോയിൽ പരിമിതപ്പെടുത്തുമ്പോൾ എയർ അറേബ്യ 10 കിലോ കൊണ്ടുപോകാൻ അനുവദിക്കുന്നുണ്ട്.
ഷാർജയിൽനിന്ന് കേരളത്തിലേക്കും വിവിധ ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കും യാത്ര ചെയ്യാനുള്ള സൗകര്യം എയർ അറേബ്യ നൽകുന്നതുകൊണ്ട് കൂടുതൽ ആളുകൾ ഈ സർവീസ് പ്രയോജനപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. കേരള സെക്ടറിൽ കോഴിക്കോട്,കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് എയർ അറേബ്യക്ക് ഷാർജയിൽനിന്ന് കണക്‌ഷൻ സർവീസുകളുണ്ട്.
Comments are closed.