സീ ഷാർജ ഫെസ്‌റ്റിവലിന് തുടക്കം

ഷാർജ:  4 ദിവസം നീളുന്ന സീ ഷാർജ ഫെസ്റ്റിവലിന് അൽമജാസ് ആംഫി തിയറ്ററിൽ തുടക്കം. ‘ഷാർജയെ അറിയുക’ എന്ന പ്രമേയത്തിൽ ഗവൺമെന്റ് മീഡിയ ബ്യൂറോയാണ് ഉത്സവം സംഘടിപ്പിക്കുന്നത്. വൈകിട്ട് 4 മുതൽ 10 വരെ നടക്കുന്ന ഉത്സവത്തിൽ കുട്ടികളെ സ്വീകരിക്കാനും കൂട്ടുകൂടാനും കാർട്ടൂൺ കഥാപാത്രമായ സഖർ ഉണ്ടാകും.

ലേസർ ഷോ, സ്പേസ് ടൂൺ ഷോ, തത്സമയ പാചകം, കായിക മേള, പരമ്പരാഗത നൃത്തം, സംഗീതവിരുന്ന് തുടങ്ങി ഒട്ടേറെ കലാസാംസ്കാരിക പരിപാടികളും അരങ്ങേറും. ദിവസവും 6 മണിക്ക് മാജിക് ഷോയും ഉണ്ടാകും. കുട്ടികൾക്കായി പ്രത്യേക കളിക്കളവുമുണ്ട്. 30ലേറെ സർക്കാർ സ്വകാര്യ സ്‌ഥാപനങ്ങൾ ഉത്സവത്തിന്റെ ഭാഗമാണ്.Platinumlist.net വെബ്സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. സൗജന്യ പ്രവേശനം അനുവദിക്കുന്ന ഒട്ടേറെ ഇടങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.

ഫെസ്റ്റിവൽ കേന്ദ്രങ്ങളിൽ സ്‌ഥാപിച്ച 100 കാരുണ്യപ്പെട്ടികൾ വഴി ഗാസയിലെ ദുരിതബാധിതരെ സഹായിക്കാനുള്ള സൗകര്യവുമുണ്ട്. ഷാർജ ഇന്റർനാഷനൽ മറൈൻ സ്പോർട്സ് ക്ലബ്ബുമായി ചേർന്നു നടത്തുന്ന ബോട്ട് ഷോയും സന്ദർശകരെ ആകർഷിക്കും.

Comments are closed.