എല്ലാ സ്കൂൾ ബസുകളും നിരീക്ഷണത്തിൽ; ഡ്രൈവർക്കും സൂപ്പർവൈസർക്കും ആർടിഎ പെർമിറ്റ് നിർബന്ധം

ദുബായ്: ആർടിഎയുടെ പ്രത്യേക പെർമിറ്റില്ലാതെ ഡ്രൈവർമാർ സ്കൂൾ ബസുകൾ ഓടിച്ചാൽ പിടിവീഴും. ഇതിനോടകം ആർടിഎ നടത്തിയ 6323 പരിശോധനകളിൽ പെർമിറ്റില്ലാത്ത ഡ്രൈവർമാരെ പിടികൂടി.

എല്ലാ സ്കൂൾ ബസുകളും ആർടിഎയുടെ നിരീക്ഷണത്തിലാണ്. മാനദണ്ഡങ്ങൾക്കു വിരുദ്ധമായി സീറ്റുകൾ സ്ഥാപിച്ച ബസുകളും  സാങ്കേതിക ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങളും സർവീസ് നടത്തുന്നതായി ആർടിഎ കണ്ടെത്തി. 50ൽ താഴെ ഇരിപ്പിടങ്ങളുള്ള ബസിൽ ഒരു അഗ്നിശമന ഉപകരണം നിർബന്ധമാണ്. 50ൽ കൂടുതലാണ് സീറ്റുകളെങ്കിൽ രണ്ട് അഗ്നിശമന ഉപകരണങ്ങൾ വേണം.

15 വർഷം പഴക്കമുള്ള വാഹനങ്ങൾ സ്കൂൾ ആവശ്യത്തിന് ഉപയോഗിക്കുന്നതിലും വിലക്കുണ്ട്. എല്ലാ വാഹനങ്ങളുടെയും മോഡൽ പരിശോധിച്ച് ആർടിഎ ഇക്കാര്യം ഉറപ്പാക്കും. ബസുകൾക്ക് എമർജൻസി എക്സിറ്റ് നിർബന്ധമാണ്. മൂർച്ചയുള്ള വസ്തുക്കൾ വാഹനത്തിനുള്ളിൽ ഉണ്ടാകരുത്. എൻജിൻ കംപാർട്ട്മെന്റിനുള്ളിൽ ഒരു ട്രാക്കിങ് സിസ്റ്റം, ക്യാമറകൾ,  ഇലക്ട്രോണിക് അഗ്നിശമന സംവിധാനം എന്നിവ ബസിൽ നിർബന്ധമാണ്.

സ്കൂൾ ഗതാഗത വാഹനങ്ങൾ വാണിജ്യ ലൈസൻസ് ഉള്ള കമ്പനികൾക്ക് കീഴിലുള്ളതാകണം. ഡ്രൈവർക്ക് പുറമെ സൂപ്പർവൈസറായി ബസിൽ ജോലി ചെയ്യുന്നവർക്കും ആർടിഎ പെർമിറ്റ് വേണം.

അഞ്ചാം ക്ലാസ് വരെയുള്ള ആൺകുട്ടികളെ കൊണ്ടു പോകുന്ന ബസുകളിലും സെക്കൻഡറി ക്ലാസുകളിലുള്ള പെൺകുട്ടികളെ കൊണ്ടുപോകുന്ന വാഹനത്തിലും വനിതാ സൂപ്പർവൈസർമാർ വേണം. സ്കൂൾ ഗതാഗതവുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള പരിശോധനകൾ തുടരും.

Comments are closed.