പാരിസ് ഒളിമ്പിക്സിന് ഖത്തറിന്റെ സുരക്ഷ

ദോഹ: ജൂലൈ 26 മുതൽ ആഗസ്റ്റ് 11 വരെ പാരിസ് വേദിയാകുന്ന ഒളിമ്പിക്സിന്റെ സുരക്ഷ സംബന്ധിച്ച് സഹകരണ കരാറിൽ ഒപ്പുവെച്ച് ഫ്രാൻസും ഖത്തറും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഖത്തർ ആ​ഭ്യന്തര മന്ത്രിയും ​ലഖ്‍വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനിയും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾ ഡർമനിയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു.

 

ലോകകപ്പ് ഫുട്ബാളിന്റെ പരിചയസമ്പത്തുമായാണ് ഖത്തറിന്റെ സുരക്ഷാ വിഭാഗങ്ങൾ പാരിസ് ഒളിമ്പിക്സുമായി സഹകരിക്കുന്നത്. കരാർ പ്രകാരം പട്രോളിങ്, നാഷനൽ ഓപറേഷൻ സെന്റർ, കുതിര പൊലീസ് നിരീക്ഷണം, ഡ്രോൺ, സ്‌ഫോടകവസ്തു നിർവീര്യമാക്കൽ, സൈബർ സുരക്ഷ അനലിസ്റ്റുകൾ, ബോംബ് ഡോഗ് സ്ക്വാഡ്, തീവ്രവാദ വിരുദ്ധ സ്ക്വാഡ് എന്നിവയുൾപ്പെടെ സേവനങ്ങൾ ഒളിമ്പിക്സിന്റെ സുരക്ഷക്കായി നൽകും.

സുരക്ഷാവിന്യാസവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾക്കും മറ്റുമായി ഖത്തറിന്റെ വിവിധ സേനാ ഉദ്യോഗസ്ഥർ പാരിസ് സന്ദർശിച്ചു. അന്താരാഷ്ട്ര കായിക മത്സരങ്ങളുടെ സംഘാടനത്തിന്റെ ഭാഗമായി വാഹന പരിശോധന, മെഡിക്കൽ എമർജൻസിയിലെ ഒഴിപ്പിക്കൽ, സെർച്ച് ആൻഡ് റെസ്ക്യൂ ഓപറേഷൻ എന്നിവയിലും സേവനം ചെയ്യും. ഇതിനുപുറമെ, 2024-2027 കാലയളവിലെ സുരക്ഷ സഹകരണ കരാറിലും ഖത്തറും ഫ്രാൻസും ഒപ്പുവെച്ചു. ലഖ്‍വിയ അസി. കമാൻഡർ സ്റ്റാഫ് കേണൽ നവാഫ് മാജിദ് അൽ അലിയും പ​ങ്കെടുത്തു.

Comments are closed.