ദുബായ് : സ്‌കൂളുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാർഥികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന പുതിയ നോൽ കാർഡ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പുറത്തിറക്കി. ആർടിഎയുടെ പൊതുഗതാഗത നിരക്കുകളിൽ 50 ശതമാനം ഇളവും യുഎഇയിലെങ്ങുമുള്ള വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ 70% വരെ വിലക്കുറവും പ്രമോഷണൽ ഓഫറുകളും വിദ്യാർഥികൾക്ക് ലഭ്യമാകും. പുതിയ നോൽ കാർഡ് പുറത്തിറക്കുന്നതിനുള്ള ആർടിഎയും ഇന്‍റർനാഷനൽ സ്റ്റുഡന്‍റ് ഐഡന്‍റിറ്റി കാർഡ് (ഐഎസ്ഐസി) അസോസിയേഷനും തമ്മിലുള്ള ധാരണാപത്രം ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന മെന(മിഡിൽ ഈസ്റ്റ്–നോർത്ത് ആഫ്രിക്ക) ട്രാൻസ്പോർട് കോൺഗ്രസ് ആന്‍ഡ് എക്സിബിഷനിൽ ഒപ്പുവച്ചു. ചടങ്ങിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ചെയർമാനുമായ മത്തർ അൽ തായർ സംബന്ധിച്ചു.
ആർടിഎയെ പ്രതിനിധീകരിച്ച് ആർടിഎയിലെ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സിഇഒ മുഹമ്മദ് അൽ മുദർറെബ്, ഐഎസ്ഐസി അസോസിയേഷനെ പ്രതിനിധീകരിച്ച് ജിടിഎസ് അലൈവ് മിഡിൽ ഈസ്റ്റ് മാനേജിങ് ഡയറക്ടർ മൈക്കൽ ലെസോ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു.
Comments are closed.