ഇന്ത്യൻ ഉത്പന്നങ്ങൾ ഒരു കുടക്കീഴിൽ: ദുബായിൽ ഭാരത് മാർട്ട് വരുന്നു

ദുബായ് : ഇന്ത്യയിലെ ചെറുകിട, ഇടത്തരം സംരംഭകർക്ക് വ്യാപാരം നടത്താൻ സഹായിക്കുന്ന ഭാരത് മാർട്ട് ദുബായിൽ ആരംഭിക്കും. ദുബായിലെ ജബൽ അലി സ്വതന്ത്രവ്യവസായ മേഖലയിലായിരിക്കും (ഫ്രീസോൺ) ഇത് പ്രവർത്തിക്കുക. ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ചേർന്ന് പദ്ധതിക്ക് തറക്കല്ലിട്ടു. ലോകസർക്കാർ ഉച്ചകോടിയിലായിരുന്നു ചടങ്ങ്.

27 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള വിശാലമായ വ്യാപാര, സംഭരണ കേന്ദ്രമാണ് ഭാരത് മാർട്ട്. ആദ്യഘട്ടത്തിൽ 13 ലക്ഷം ചതുരശ്രയടി നിർമിക്കും. സംഭരണം, ചില്ലറവിൽപ്പന, വിവിധ കമ്പനികളുടെ ഓഫീസുകൾ തുടങ്ങിയവ ഇവിടെയുണ്ടാകും. ആഗോളവിപണിയിലേക്ക് ചരക്കുകൾ അയക്കുന്നതിന് ഓൺലൈൻ സംവിധാനവും ഒരുക്കും.

1500 ഇന്ത്യൻ വാണിജ്യസ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുക. ഇന്ത്യയിൽനിന്ന് കയറ്റുമതിചെയ്യുന്ന എല്ലാവസ്തുക്കളും ഈ കേന്ദ്രത്തിൽ ലഭ്യമാകും. നിലവിൽ ചൈനയുടെ ഉത്പന്നങ്ങൾ മാത്രം ലഭ്യമാകുന്ന ഡ്രാഗൺ മാർട്ട് ദുബായിലുണ്ട്. ഭാരത് മാർട്ട് ചൈനയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.

ഭാരത് മാർട്ട് നിർമിക്കുന്ന ജബൽ അലി ഫ്രീസോൺ ഗൾഫിലെ ഏറ്റവുംവലിയ തുറമുഖമായ ജബൽ അലിയിൽനിന്ന് 11 കിലോമീറ്ററും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 15 കിലോമീറ്ററും മാത്രം അകലെയാണ്. ഇത് വ്യാപാരികൾക്ക് ഏറെ സഹായകമാകും. അടുത്തവർഷമാകും ഭാരത് മാർട്ട് പൂർണതോതിൽ പ്രവർത്തനം ആരംഭിക്കുക.

ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള പെട്രോളിയം ഇതരവ്യാപാരം 10,000 കോടി ഡോളറിൽ (ഏകദേശം 8,30,000 കോടിരൂപ) എത്തിക്കുകയാണ് ഇരുരാജ്യങ്ങളുടെയും ലക്ഷ്യം. 2030 ആകുമ്പോൾ ഈ ലക്ഷ്യം നേടാനാണ് ശ്രമം.

ഡി.പി. വേൾഡിന്റെ കീഴിലുള്ള ഉപകമ്പനിയാണ് ജബൽ അലി ഫ്രീസോൺ മേഖല. ഭാരത് മാർട്ട് വലിയ വിതരണകേന്ദ്രമായി മാറുമെന്ന് ഡി.പി. വേൾഡ് ജി.സി.സി. സി.ഇ.ഒ. അബ്ദുള്ള അൽ ഹാഷ്മി പറഞ്ഞു.

ഗൾഫ് മേഖലയിൽ വ്യാപാരം ശക്തമാക്കുന്നതിനൊപ്പം അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്ക് പ്രവർത്തനം വികസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഭാരത് മാർട്ട് മികച്ച അവസരമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Comments are closed.