ഇന്ത്യാ-പാക് അന്താരാഷ്ട്ര ഗുസ്തിമത്സരം 24- ന് ദുബായിൽ

ദുബായ് : അന്താരാഷ്ട്ര ഗുസ്തിമത്സരം ഈ മാസം 24- ന് ദുബായ് ശബാബ് അൽ അഹ്ലി ക്ലബ്ബിൽ നടക്കും. വേൾഡ് പ്രഫഷണൽ റസ്‌ലിങ് ഹബിന്റെ (ഡബ്ള്യു.പി.ഡബ്ള്യു.എച്ച്.) ആഭിമുഖ്യത്തിലാണ് ഇന്റർനാഷണൽ പ്രോ റസ്‌ലിങ് ചാമ്പ്യൻഷിപ്പ് (ഐ.പി.ഡബ്ള്യു.സി.) നടക്കുകയെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. രണ്ടുതവണ കോമൺവെൽത്ത് ഹെവി വെയ്റ്റ് ചാമ്പ്യനായ ഇന്ത്യയുടെ സൻഗ്രാം സിങ്ങും പാകിസ്താന്റെ മുൻനിര താരം മുഹമ്മദ് സഈദും തമ്മിലാണ് പ്രധാന പോരാട്ടം.

കരുത്തും കായികമികവും ഗുസ്തിയിലെതന്ത്രങ്ങളും മാറ്റുരയ്ക്കുന്ന ശ്രദ്ധേയ മത്സരമാകുമിതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ആറു വർഷത്തെ ഇടവേളയ്ക്കുശേഷമാണ് സൻഗ്രാം സിങ് റിങ്ങിൽ വീണ്ടുമെത്തുന്നത്. ഡബ്ള്യു.പി.ഡബ്ള്യു.എച്ച്. ബ്രാൻഡ് അംബാസഡറും പ്രമോട്ടറുമാണ് സൻഗ്രാം സിങ്. ശൈഖ് ഹുമൈദ് ബിൻ ഖാലിദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിലാണ് മത്സരം.

അന്താരാഷ്ട്ര റസ്‌ലിങ് സെൻസേഷനുകളായ ഇല്യാസ് ബെക്ബുലാടോവ് (റഷ്യ), 2017-ലെ യൂറോപ്യൻ റസ്‌ലിങ് ചാമ്പ്യൻ വേഴ്സസ് ഡാമൺ കെംപ് (അമേരിക്ക), ആൻഡ്രിയ കരോലിന (കൊളംബിയ), ഒളിംപ്യൻ വേഴ്സസ് വെസ്‌കാൻ സിന്തിയ (ഫ്രാൻസ്), ഒളിംപ്യൻ ബദർ അലി (യു.എ.ഇ), അറബ് ചാമ്പ്യൻഷിപ്പിലെ വെള്ളിമെഡൽ ജേതാവ് വേഴ്സസ് എംബോ ഇസോമി ആറോൺ (കോംഗോ), സ്വർണമെഡൽ ജേതാവ് ഗെയിംസ് ഓഫ് ലാ ഫ്രാങ്കോഫോണിസ്റ്റ്, മിമി ഹ്രിസ്തോവ (ബൾഗേറിയ), ഒളിംപ്യൻ വേഴ്സസ് സ്‌കിബ മോണിക (പോളണ്ട്) എന്നിവരും മത്സരത്തിൽ അണിനിരക്കുന്നുണ്ട്. യുവാക്കളെ പ്രചോദിപ്പിക്കാനും പ്രൊഫഷണൽ ഗുസ്തിയുടെ ലോകത്ത് പ്രായം ഒരു തടസ്സമല്ലെന്ന് ഊന്നി പറയാനുമുള്ള മികച്ച വേദിയാകും ഇതെന്ന് ഡബ്ള്യു.പി.ഡബ്ള്യു.എച്ച്. പ്രതിനിധി പർവീൺ ഗുപ്ത പറഞ്ഞു. ഗുസ്തി കായികരംഗത്തെ ഈ അവിസ്മരണീയ ആഘോഷത്തിന് ആതിഥേയത്വം വഹിക്കാനാകുന്നതിൽ അഭിമാനമുണ്ടെന്ന് സംരംഭകൻ ഇമ്രാൻ അഹമ്മദ് പറഞ്ഞു. പ്രവേശനം സൗജന്യമാണ്.

Comments are closed.