അബുദാബി : ആളുകൾക്ക് കഴിക്കാൻ യോഗ്യമല്ലാത്ത 56 ടൺ ഭക്ഷ്യവസ്തുക്കൾ കഴിഞ്ഞ വർഷം നശിപ്പിച്ചതായി അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (എ.ഡി.എ.എഫ്.എസ്.എ.) അധികൃതർ അറിയിച്ചു. കൂടാതെ പ്രാദേശിക വിപണികളിൽനിന്ന് 40 ടൺ ഭക്ഷ്യയുത്പന്നങ്ങളും നീക്കംചെയ്തു. എമിറേറ്റിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാണ് അതോറിറ്റിയുടെ നടപടി. നിർദേശങ്ങൾ പാലിക്കാതെയുള്ള ഭക്ഷ്യ ഇറക്കുമതി, നിരോധിത ഭക്ഷ്യവസ്തുക്കൾ, ഉപഭോക്താക്കളുടെ അഭ്യർഥനകൾ എന്നിവ അടിസ്ഥാനമാക്കി തദ് വീറുമായി സഹകരിച്ചാണ് ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാവിധ ഭക്ഷ്യയുത്പന്നങ്ങളും കർശന പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഫാക്ടറികൾ, ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ തുടങ്ങിയ ഭക്ഷ്യസ്ഥാപനങ്ങൾക്ക് ഹസാഡ് അനാലിസിസ് ആൻഡ് ക്രിട്ടിക്കൽ കൺട്രോൾ പോയിന്റ്‌സ് (എച്ച്.എ.സി.സി.പി.) സംവിധാനം നടപ്പാക്കാനും അതോറിറ്റിക്ക് പദ്ധതിയുണ്ട്. എമിറേറ്റിൽ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കൾ ആരോഗ്യത്തിന് ഹാനീകരമല്ലെന്ന് ഉറപ്പാക്കാനാണ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭക്ഷണവിതരണത്തിലും സംഭരണത്തിലും ജാഗ്രതപാലിച്ചില്ലെങ്കിൽ ഉത്പന്നങ്ങൾ ഉപയോഗ ശൂന്യമാവുകയും ഉപയോക്താക്കളിൽ അപകടസാധ്യത വർധിക്കുകയും ചെയ്യും. ഭക്ഷ്യവിതരണം സുരക്ഷിതമാക്കുന്നതിന് അബുദാബി സർക്കാരിന്റെ നിർദേശങ്ങൾക്ക് അനുസൃതമായി സുതാര്യമായ സംവിധാനങ്ങളും നടപടിക്രമങ്ങളും വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നുണ്ടെന്നും അധികൃതർ വിശദീകരിച്ചു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരേ കർശനനടപടികളാണ് അതോറിട്ടി സ്വീകരിക്കുന്നത്. ആരോഗ്യ, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്ന റസ്റ്ററന്റുകളും ഗ്രോസറികളും പൂട്ടിക്കുന്നുണ്ട്. പാചകത്തിലും സംഭരണത്തിലും ശുചിത്വം പാലിക്കാതിരിക്കുക, അടുക്കളയിൽ പ്രാണികളെ കണ്ടെത്തുക, കാലാവധികഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽക്കുക, ഭക്ഷ്യവിഭവങ്ങൾ ശരിയായ താപനിലയിൽ സൂക്ഷിക്കാതിരിക്കുക എന്നിങ്ങനെ പൊതുജനാരോഗ്യത്തിന് ഭീഷണിയുണ്ടാകുന്ന നിയമലംഘനങ്ങൾ കണ്ടെത്തുന്ന പശ്ചാത്തലത്തിലാണ് സ്ഥാപനങ്ങൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കുന്നത്.
ഭക്ഷ്യശൃംഖലയിലെ എല്ലാഘട്ടങ്ങളിലും സുരക്ഷ ഉറപ്പാക്കാനായി മാർഗനിർദേശങ്ങൾ നൽകുകയും ബോധവത്കരണം നടത്തുകയും പരിശീലനപരിപാടികൾ സംഘടിപ്പിക്കുന്നുമുണ്ട്. ഭക്ഷ്യസുരക്ഷയുമായി നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 800555 എന്ന നമ്പറിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
Comments are closed.