ദുബായ് : ലോകോത്തര രുചികളുടെ ആസ്വാദനത്തിനായി ദുബായിൽ 29-ാമത് ഗൾഫുഡ് മേള ആരംഭിച്ചു. വേൾഡ് ട്രേഡ് സെന്ററിൽ തിങ്കളാഴ്ചയാണ് ഭക്ഷ്യമേളയ്ക്ക് തുടക്കമായത്. 10 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 24 ഹാളുകളിലായാണ് മേള. ഭക്ഷ്യ, പാനീയ, ഉത്പാദന, വിതരണ മേഖലകളിലെ ഏറ്റവും വലിയ പ്രദർശനമാണിത്.
വെള്ളിയാഴ്ചവരെ നീണ്ടുനിൽക്കുന്ന ഗൾഫുഡ് മേളയിൽ ലോകമെമ്പാടുമുള്ള വൻകിട കമ്പനികൾ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടനദിവസമായ തിങ്കളാഴ്ച യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ഗൾഫ് ഫുഡ് മേള സന്ദർശിച്ചു.
ആദ്യദിനം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 190 രാജ്യങ്ങളിലെ 5,500 സ്ഥാപനങ്ങൾ ഗൾഫുഡ് മേളയിൽ പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യ ഉത്പാദന വിതരണരംഗത്തെ പുതിയ ആശയങ്ങളും വാണിജ്യ സംരംഭങ്ങളും പ്രവണതകളും മേളയിൽ പ്രതിപാദിക്കും. ഈ വർഷത്തെ മേളയിൽ ഒന്നരലക്ഷത്തിലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടൽ.
ഒട്ടേറെ മലയാളി സംരംഭകരും പങ്കെടുക്കുന്നുണ്ട്. ഭക്ഷ്യ, പാനീയ മേഖലയിൽ പരിസ്ഥിതി സൗഹാർദ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് മേള. പുതിയ കമ്പനികൾക്ക് ചർച്ചകൾ നടത്തി കരാറുകളിലേർപ്പെടാനും സൗകര്യമുണ്ടായിരിക്കും.
അന്താരാഷ്ട്ര പ്രാധാന്യമുള്ള ബ്രാൻഡുകളും ഗൾഫുഡ് മേളയിൽ അവതരിപ്പിക്കും. ഭക്ഷ്യ ഉത്പാദനമേഖലയിൽ പുതിയ സാധ്യതകൾക്ക് ഈ വർഷത്തെ ഗൾഫുഡ് മേളയിൽ വേദിയൊരുങ്ങും. പാചകകലാരംഗത്തുള്ള പ്രമുഖരും മേളയിലെത്തുന്നുണ്ട്.
Comments are closed.