ദുബായ്: റംസാൻ മാസത്തിലുടനീളം ഗ്ലോബൽ വില്ലേജ് വൈകീട്ട് ആറുമുതൽ പുലർച്ചെ രണ്ടുവരെ തുറന്നിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
നിലവിൽ വൈകീട്ട് നാലുമുതൽ അർധരാത്രിവരെയാണ് പ്രവർത്തനസമയം. സന്ദർശകർക്ക് സമാനതകളില്ലാത്ത റംസാൻ അനുഭവങ്ങൾ നൽകാനായി എല്ലാ തയ്യാറെടുപ്പുകളും ആഗോള ഗ്രാമത്തിൽ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.
പരമ്പരാഗത ഇമിറാത്തി മാർക്കറ്റുകളുടെ പുനരാവിഷ്കാരമായ വണ്ടേഴ്സ് സൂഖിൽ ഷോപ്പിങ്ങിനും ഡൈനിങ്ങിനും പ്രത്യേക സൗകര്യങ്ങളുമുണ്ട്. റംസാനിൽ ഗ്ലോബൽ വില്ലേജ് സന്ദർശിക്കുന്നതിലൂടെ ഒട്ടേറെ ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനും അവസരമുണ്ട്. ആളുകളെ നടക്കാൻ പ്രോത്സാഹിപ്പിക്കാനായി ‘സ്റ്റെപ്പ് ചലഞ്ച്’ എന്ന പുതിയ മത്സരം ആരംഭിക്കും.
ഒറ്റ സന്ദർശനത്തിൽ 10,000 ചുവടുകൾ വെക്കുന്നവർക്ക് സാംസങ് ഗാലക്സി മൊബൈൽ ഫോണുകളും ആപ്പിൾ, സാംസങ് സ്മാർട്ട് വാച്ചുകളും ഉൾപ്പെടെ ഒട്ടേറെ സമ്മാനങ്ങൾ ലഭിക്കും.
ഇതിനായി ഗ്ലോബൽ വില്ലേജിന്റെ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ചലഞ്ചിൽ പങ്കെടുക്കാം.റംസാനിലെ വെള്ളിയാഴ്ചകളിലും വിജയികളെ പ്രഖ്യാപിക്കും. പ്രധാനവേദിയിലും വണ്ടർ വേദിയിലുമായി വൈവിധ്യമാർന്ന സംഗീത പരിപാടികളുമുണ്ടാകും.
വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഒമ്പതിന് അത്യുഗ്രൻ കരിമരുന്നുപ്രയോഗങ്ങളും ഡ്രാഗൺ തടാകത്തിൽ റംസാൻ പ്രമേയത്തിൽ ലേസർ, ഫയർ പ്രദർശനങ്ങളും ആസ്വദിക്കാം. വാരാന്ത്യങ്ങളിൽ കുട്ടികൾക്കായി കിഡ്സ് തിയേറ്ററിൽ അറബിക് പാവകളി ഉൾപ്പെടെ ഒട്ടേറെ രസകരമായ പരിപാടികളും അരങ്ങേറും.
ഇഫ്താർ സമയം അറിയിക്കാനായി പരമ്പരാഗത റംസാൻ പീരങ്കിയും ആഗോളഗ്രാമത്തിലുണ്ടാകും.
Comments are closed.