ഗ്ലോബൽ വില്ലേജ് : ജി.ഡി.ആർ.എഫ്.എ. പവിലിയന് മികച്ച സ്വീകാര്യത

ദുബായ് : ഏറ്റവും പുതിയ വിസാ സേവനങ്ങളെയും വിമാനത്താവളത്തിലെ നടപടിക്രമങ്ങളെയും പരിചയപ്പെടുത്തുന്ന ഗ്ലോബൽ വില്ലേജിലെ പവിലിയൻ സന്ദർശകരുടെ ശ്രദ്ധാകേന്ദ്രമാകുന്നു.

ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ നേതൃത്വത്തിലുള്ള ‘നിങ്ങൾക്കായി ഞങ്ങൾ ഇവിടെയുണ്ട്’ എന്ന ബോധവത്കരണ പ്രചാരണ പവിലിയൻ ഇതിനകം ഒട്ടേറെപ്പേർ സന്ദർശിച്ചു.

ജി.ഡി.ആർ.എഫ്.എ. ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ്‌ അഹമ്മദ് അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ഹ്യൂമൻ റിസോഴ്സ് ആൻഡ് ഫൈനാൻസ് അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ അവാദ് മുഹമ്മദ് ഗാനിം സയീദ് അൽവൈൻ, മേജർ ജനറൽ തലാൽ അഹമ്മദ് അൽ ഷാങ്കിതി, ബ്രിഗേഡിയർ ഖലഫ് അൽ ഗൈത്ത്, ബ്രിഗേഡിയർ ഡോ. ഒമർ അലി അൽ ഷംസി തുടങ്ങി ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും ഇവിടം സന്ദർശിച്ചു.

ദുബായിലെ ഏറ്റവും പുതിയ വിസാ സേവനകളെക്കുറിച്ച് വിശദ വിവരങ്ങൾ നൽകുന്ന പവിലിയൻ ഗ്ലോബൽ വില്ലേജിന്റെ പ്രധാന വേദിക്ക് സമീപമാണുള്ളത്. വിസാ അപേക്ഷകൾ, വിവിധതരം വിസകൾ, വിമാനത്താവളത്തിലെ സ്മാർട്ട് സേവനങ്ങൾ, കുട്ടികൾക്കായുള്ള പ്രത്യേക സേവനങ്ങൾ എന്നിങ്ങനെ ജി.ഡി.ആർ.എഫ്.എ.യുടെ വിവിധ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്ക്കരിക്കാനാണ് പവിലിയൻ പ്രവർത്തിക്കുന്നത്. ഉപഭോക്തൃ സംതൃപ്തിയും ജീവിത നിലവാരം മെച്ചപ്പെടുത്താനുമുള്ള ജി.ഡി.ആർ.എഫ്.എ.യുടെ ലക്ഷ്യങ്ങളുടെ ഭാഗമാണിതെന്ന് മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് നൂതന രീതികളിലൂടെ സർക്കാർ സേവനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എമിറേറ്റിലെ വിവിധ സ്ഥലങ്ങളിൽ സമാന പ്രചാരണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാസം എട്ടിന് ആരംഭിച്ച പ്രദർശനം അടുത്ത മാസം എട്ടുവരെ നീണ്ടുനിൽക്കുമെന്നും അധികൃതർ പറഞ്ഞു.

Comments are closed.