ഗോൾഡൻ കൾച്ചറൽ വിസ പദ്ധതിയുമായി ജി.ഡി.ആർ.എഫ്.എ.

ദുബായ് : സാംസ്കാരികരംഗത്തെ പ്രമുഖരെ ആദരിക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ.) പുതുതായി ഗോൾഡൻ കൾച്ചറൽ വിസ പദ്ധതി ആരംഭിച്ചു. 16-ാമത് എമിറേറ്റ്സ് എയർലൈൻസ് ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ ജി.ഡി.ആർ.എഫ്.എ. ദുബായ് മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറിയാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതിപ്രകാരം എല്ലാ വർഷവും എമിറേറ്റ്സ് എയർലൈൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചറിൽ ഒരു പ്രമുഖ അറബ് സാഹിത്യകാരന് ഗോൾഡൻ കൾച്ചറൽ വിസ സമ്മാനിക്കും. അറബിക് കവിതയുടെ പരിണാമത്തിൽ വലിയ സ്വാധീനം ചെലുത്തിയ പ്രശസ്ത ഈജിപ്ഷ്യൻ കവി അഹമ്മദ് ബഖീത്തിന് ആദ്യത്തെ ഗോൾഡൻ കൾച്ചറൽ വിസ നൽകി. ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ‘ദ വേൾഡ് ആസ് ആൻ ഓപ്പൺ ബുക്ക്’ എന്ന പേരിലെ സെഷനിൽ അൽ മർറി മുഖ്യപ്രഭാഷണം നടത്തി. ദുബായ് വിമാനത്താവളങ്ങളിലെ യാത്രാനുഭവങ്ങൾ മെച്ചപ്പെടുത്താനായി ആരംഭിച്ച നൂതനപദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കുട്ടികളുടെ ഇമിഗ്രേഷൻ കൗണ്ടറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2026-ഓടെ സർഗപരമായ സമ്പദ്ഘടനയുടെ ആഗോള തലസ്ഥാനമായി എമിറേറ്റിനെ മാറ്റാനുള്ള ലക്ഷ്യങ്ങളെ പുതിയ വിസ പദ്ധതി പിന്തുണയ്ക്കുമെന്നും അൽ മർറി പറഞ്ഞു.

Comments are closed.