ഗൾഫിൽ ജനനനിരക്ക് കുറഞ്ഞു, ഗർഭധാരണം വൈകിപ്പിക്കുന്നതായും പഠനം

അബുദാബി : ഗൾഫ് രാജ്യങ്ങളിലെ ജനനനിരക്കിൽ കാര്യമായ മാറ്റം സംഭവിച്ചതായി പഠനറിപ്പോർട്ട്. യു.എ.ഇ.യിൽ നാലിലൊന്ന് ദമ്പതികൾ വിവാഹശേഷം ഗർഭധാരണം നീട്ടിവെക്കുന്നതായി പഠനം വെളിപ്പെടുത്തുന്നു. 1990 മുതൽ റീപ്രൊഡക്ടീവ് ഹെൽത്ത് ജേണൽ നടത്തിയപഠനത്തിലാണ് ഇക്കാര്യങ്ങളുള്ളത്.

വൈകിയുള്ള ഗർഭധാരണം പലതരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നതിനൊപ്പം ജനനനിരക്ക് കുറയുന്നതിനും കാരണമാകുന്നതായി ജേണൽ ചൂണ്ടിക്കാട്ടി. 1990 മുതൽ 2009 വരെ യു.എ.ഇ. ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഫെർട്ടിലിറ്റിനിരക്കിൽ ശ്രദ്ധേയമായമാറ്റം സംഭവിച്ചതായാണ് ജേർണൽ നടത്തിയപഠനത്തിൽ വെളിപ്പെടുത്തുന്നത്.

1990-ൽ ഒരു സ്ത്രീക്ക് നാല് കുട്ടികളെന്നത് 2019-ൽ ഒന്നിലേക്ക് ചുരുങ്ങി. മാറിവരുന്ന ജീവിതസാഹചര്യങ്ങളിൽ യു.എ.ഇ.യിൽ 25 ശതമാനം ദമ്പതിമാരും കുട്ടികളുണ്ടാകുന്നത് വൈകിപ്പിക്കുകയാണ്. സാമൂഹിക വ്യതിയാനങ്ങൾ, സാമ്പത്തിക സമ്മർദങ്ങൾ, മാറിയ ജീവിതശൈലി, മുൻഗണനകൾ എന്നിവ മൂലം നാലിലൊന്ന് ദമ്പതിമാരും ഗർഭധാരണം വൈകിപ്പിക്കുകയാണെന്ന് പഠനത്തിൽ പറയുന്നു.

കൂടാതെ ആദ്യമായി അമ്മമാരാകുന്നവരുടെ ശരാശരി പ്രായം ഉയർന്നു. 2010-ൽ അമ്മമാരുടെ ശരാശരി പ്രായം 26 വയസ്സായിരുന്നുവെങ്കിൽ 2020-ൽ 30 വയസ്സായി ഉയർന്നു. പ്രവാസി ജനസംഖ്യയിൽ യു.എ.ഇയുടെ മൊത്തം ജനനനിരക്ക് ഗണ്യമായി കുറഞ്ഞതായും പഠനത്തിലുണ്ട്. ഗർഭധാരണം വൈകുന്നത് പലതരത്തിലുള്ള വെല്ലുവിളികൾ ഉയർത്തുന്നതായി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

സ്ത്രീയുടെ പ്രത്യുത്‌പാദനശേഷി 20 വയസ്സുകളുടെ തുടക്കത്തിലും മധ്യത്തിലും ഉയരുകയും 20-കളുടെ അവസാനത്തോടെ കുറയാൻതുടങ്ങുകയും ചെയ്യുന്നു. ഈകുറവ് 35-നുശേഷം ത്വരപ്പെടുകയും പ്രായം 40-നു ശേഷമാകുമ്പോഴേക്കും ഗണ്യമായി കുറയുകയുംചെയ്യുന്നു.

ഇത് ഗർഭം അലസലിന്റെയും ജനനവൈകല്യങ്ങളുടെയും ശസ്ത്രക്രിയയുടെയും സാധ്യത കൂട്ടുന്നതായും ആരോഗ്യവിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു. ഡൗൺ സിൻഡ്രോം പോലുള്ള സാധ്യതയും ഇത് വർധിപ്പിച്ചേക്കും. കുട്ടികൾ വൈകി മതിയെന്ന് ആഗ്രഹിക്കുന്നവർ വൈദ്യോപദേശങ്ങളിലൂടെയും കൗൺസിലിങ്ങിലൂടെയും മികച്ച ആരോഗ്യ നിർദേശം സ്വീകരിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു.

Comments are closed.