പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോൽപന്നങ്ങളിലെ പന്നി മാംസത്തിന്റെ സാന്നിധ്യം കണ്ടെത്താൻ പരിശോധനയുമായി ദുബായ്
ദുബായ് : പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോൽപന്നങ്ങളിൽ പന്നി മാംസത്തിന്റെ സാന്നിധ്യം കണ്ടെത്താൻ പുതിയ പരിശോധന ഏർപ്പെടുത്തി ദുബായ് സെൻട്രൽ ലബോറട്ടറി. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നു നടത്തുന്ന ജനിതക പരിശോധനയിലൂടെ പന്നി ഇറച്ചി, ഇവയുമായി ബന്ധപ്പെട്ട ഉപ ഉൽപന്നങ്ങൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്താനാകും.
വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ മേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്താനും ദുബായുടെ സൽപേര് നിലനിർത്താനും ലക്ഷ്യമിട്ടുള്ളതാണ് പരിശോധന. വിപണിയിൽ ലഭ്യമായ ഭക്ഷ്യവസ്തുക്കളുടെ സ്വഭാവം പരിഗണിച്ചാണ് പരിശോധന നടത്തുകയെന്നു ദുബായ് ലാബ് ആക്ടിങ് ഡയറക്ടർ ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു. പുതിയ പരിശോധനാ സംവിധാനം നിലവിലുള്ള പരമ്പരാഗത പരിശോധനാ രീതിയേക്കാൾ പത്തിരട്ടി മികച്ചതാണ്. പാക്കറ്റുകളിൽ ലഭിക്കുന്ന മാംസത്തിന്റെ ഡിഎൻഎ ശേഖരിച്ചാണ് ഫലത്തിന്റെ ആധികാരികത ഉറപ്പുവരുത്തുക. ഭക്ഷ്യവസ്തുവിന്റെ നിലവാരം, സുരക്ഷ, പോഷക ഗുണങ്ങൾ, ഭക്ഷ്യ നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കൾ, ഭക്ഷണത്തിന്റെ കാലാവധി എന്നിവ ലാബ് പരിശോധനയിലൂടെ പൊതുജനങ്ങൾക്ക് ഉറപ്പാക്കാം.
കുപ്പിവെള്ളം, കിണർവെള്ളം, ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളം, കടൽ–കനാൽ–കായൽ–കടൽത്തീരം, നീന്തൽക്കുളം, ഹോട്ടൽ, ദന്താശുപത്രി എന്നിവിടങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കാനാകും. അടിഞ്ഞുകൂടിയ വസ്തുക്കൾ, മണ്ണ്, വളം, പ്രകൃതിക്ക് ദോഷകരമായ മാലിന്യം, പ്രകൃതി വിഭവങ്ങൾ എന്നിവയും പരിശോധനയ്ക്കു വിധേയമാക്കാം. ഭക്ഷ്യവസ്തുക്കൾക്ക് പുറമേ സൗന്ദര്യവർധക വസ്തുക്കൾ, ഡിറ്റർജന്റുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ എന്നിവയുടെ പരിശോധനാ റിപ്പോർട്ടും സെൻട്രൽ ലാബിലെ മൈക്രോ ബയളോജിക്കൽ ലബോറട്ടറി വഴി ലഭിക്കും.
Comments are closed.