20 ലക്ഷത്തിലേറെ സന്ദർശകർ; വിസ്മയിപ്പിച്ച് ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ

ദുബായ് : ലോകത്തിലെ ഏറ്റവും സുന്ദരമായ കെട്ടിടം എന്ന് വിശേഷിപ്പിക്കുന്ന ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ രണ്ടാം വാർഷിക നിറവിൽ. ഭാവിലോകത്തെ കാഴ്ചകൾകാണാനായി ഇതുവരെ 172-ലേറെ രാജ്യങ്ങളിൽനിന്ന് 20 ലക്ഷത്തിലേറെ സന്ദർശകരെത്തി. ഇതിൽ 40-ലേറെ രാഷ്ട്രനേതാക്കളും മാധ്യമ പ്രതിനിധി സംഘങ്ങളും ഉൾപ്പെടുന്നു.

280-ലേറെ പ്രധാന പരിപാടികൾക്കും ആതിഥേയത്വം വഹിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടിന് അനുസൃതമായി ഭാവിസാങ്കേതികവിദ്യകൾ പര്യവേക്ഷണം ചെയ്യുന്നതിനാണ് ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ തുറന്നത്.

നവീകരണവും വിദ്യാഭ്യാസവും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിന് കഴിഞ്ഞ രണ്ടുവർഷങ്ങളിൽ നിർണായക ഇടപെടലുകളാണ് മ്യൂസിയം നടത്തിയത്. മനുഷ്യരാശിയുടെ ഭാവി രൂപപ്പെടുന്നതിനും മ്യൂസിയം സംഭാവനകൾ നൽകുന്നുണ്ട്. ഭാവിയിലേക്കുള്ള ഒരു ആഗോളകേന്ദ്രമായി ദുബായിയെ സ്ഥാപിക്കാനുള്ള ശൈഖ് മുഹമ്മദിന്റെ കാഴ്ചപ്പാടുകളാണ് മ്യൂസിയത്തിൽ പ്രതിഫലിക്കുന്നതെന്ന് ദുബായ് മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ ചെയർമാൻ മുഹമ്മദ് അബ്ദുല്ല അൽ ഗർഗാവി പറഞ്ഞു. ഭാവിയിലെ അത്യാധുനിക സാങ്കേതികവിദ്യകളും കണ്ടുപിടിത്തങ്ങളും ലോകത്തെ പരിചയപ്പെടുത്തുന്നത് തുടരും. ഭാവിയെക്കുറിച്ചുള്ള യു.എ.ഇ. യുടെ വീക്ഷണം ഉൾക്കൊള്ളുന്ന ഒരു ആഗോളകേന്ദ്രമായാണ് മ്യൂസിയം നിലകൊള്ളുന്നതെന്നും അൽ ഗർഗാവി പറഞ്ഞു. രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നിശ്ചദാർഢ്യമുള്ള കുട്ടികളും മുതിർന്നപൗരന്മാരും ഉൾപ്പടെ 400-ലേറെ ആളുകളെ വ്യാഴാഴ്ച മ്യൂസിയം സ്വാഗതംചെയ്തു. 2017-ൽ നിർമാണമാരംഭിച്ച മ്യൂസിയം 2022 ഫെബ്രുവരി 22 മുതലാണ് സന്ദർശകർക്ക് പ്രവേശനം നൽകിത്തുടങ്ങിയത്.

Comments are closed.