ലോകത്തെ ആകർഷിച്ച് ദുബായ് ടൂറിസം കഴിഞ്ഞ വർഷമെത്തിയത് 1.7 കോടി സഞ്ചാരികൾ

ദുബായ് : വിനോദസഞ്ചാര മേഖലയിൽ ചരിത്രനേട്ടം കൈവരിച്ച് ദുബായ്. കഴിഞ്ഞവർഷം മാത്രമായി 1.7 കോടി സന്ദർശകരെ എമിറേറ്റ് സ്വാഗതം ചെയ്തതായി ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തൂം എക്സിലൂടെ അറിയിച്ചു. ആഗോള വിനോദസഞ്ചാര മേഖലയിൽ നഗരത്തിന്റെ മുൻനിരസ്ഥാനം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ വർഷത്തെ 77 ശതമാനം ഹോട്ടൽ താമസ നിരക്ക്.

നിലവിൽ നഗരത്തിൽ ഹോട്ടൽ താമസത്തിനായി ഒന്നര ലക്ഷത്തിലേറെ മുറികളുണ്ട്. വ്യവസായം, വിനോദം എന്നിവയിൽ ലോകത്തെ ഏറ്റവും മികച്ച മൂന്ന് നഗരങ്ങളിലൊന്നായി എമിറേറ്റിന്റെ മാറ്റുകയാണ് ദുബായ് സാമ്പത്തിക അജൻഡ ഡി 33-യുടെ ലക്ഷ്യമെന്നും ശൈഖ് ഹംദാൻ എക്സിൽ കുറിച്ചു.

ഒട്ടേറെ ആഗോള സർവേകളിൽ ലോകത്തിലെ ഏറ്റവും ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി ദുബായ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ട്രിപ്പ് അഡ്വൈസറിന്റെ 2023-ലെ ട്രാവലേഴ്‌സ് ചോയ്‌സ് പുരസ്കാരം തുടർച്ചയായ രണ്ടാംവർഷവും എമിറേറ്റിന് ലഭിച്ചു. ദുബായ് സാമ്പത്തിക വിനോദസഞ്ചാര വകുപ്പിന്റെ (ഡി.ഇ.ടി.) കണക്കനുസരിച്ച് കഴിഞ്ഞ ജനുവരി മുതൽ നവംബർ വരെ മാത്രമായി 1.53 കോടി സന്ദർശകർ എമിറേറ്റിലെത്തി.

മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ആഗോള തലത്തിൽ കഴിഞ്ഞ മാസത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ശൈത്യകാലമായതോടെ എമിറേറ്റിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. നിശ്ചയദാർഢ്യമുള്ളവർക്കുൾപ്പെടെ എല്ലാവർക്കും ലോകോത്തര സേവനങ്ങളും സൗകര്യങ്ങളുമാണ് ദുബായ് വാഗ്ദാനം ചെയ്യുന്നത്. അടുത്ത വർഷത്തോടെ നിശ്ചയദാർഢ്യമുള്ളവർക്ക് എളുപ്പത്തിൽ പ്രവേശനം നൽകുന്ന ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തെ ഉയർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

വിനോദസഞ്ചാരത്തിനൊപ്പം തന്നെ വ്യാപരമേഖലയും കുതിക്കുകയാണ്. നിശ്ചിത സമയപരിധിക്ക് ഒരു വർഷം ബാക്കി നിൽക്കവേ എമിറേറ്റിന്റെ എണ്ണയിതര വിദേശ വ്യാപാരം രണ്ടു ട്രില്യൺ ദിർഹമായി ഉയർന്നിട്ടുണ്ടെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചൊവാഴ്ച അറിയിച്ചിരുന്നു. 2025-ഓടെ യാണ് രണ്ടു ട്രില്യൺ കൈവരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. വ്യവസായ മേഖലയെ ഉത്തേജിപ്പിക്കാൻ 50 കോടി ദിർഹത്തിന്റെ ദുബായ് ഇന്റർനാഷണൽ ഗ്രോത്ത് സംരംഭവും അടുത്തിടെ ആരംഭിച്ചിരുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങളെ പിന്തുണക്കുകയും അവയുടെ വളർച്ചയും ആഗോള വിപുലീകരണവും വേഗത്തിലാക്കാക്കുകയുമാണ് ലക്ഷ്യം. അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലും ഡിജിറ്റൽ പരിവർത്തന പദ്ധതികൾ വിജയകരമായി നടപ്പാക്കുന്നതിലും ലോകത്തിന് മാതൃകയാവുകയാണ് ദുബായ്.

Comments are closed.