ദുബൈ: ഊർജസംരക്ഷണ രംഗത്ത് വീണ്ടും മാതൃകയായി ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ). വൈദ്യുതി ഉപയോഗം കുറക്കുന്നതിനുള്ള പദ്ധതികളുടെ ഒന്നും രണ്ടും ഘട്ടങ്ങളാണ് അതോറിറ്റി വിജയകരമായി പൂർത്തീകരിച്ചത്.
പദ്ധതിയുടെ ഭാഗമായി മെട്രോ സ്റ്റേഷനുകളിലും മറ്റും 20,000 എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കുകയും ഇതുവഴി 16 ദശലക്ഷം കിലോവാട്ട് വൈദ്യുതി ലാഭിക്കാൻ സാധിച്ചതായും അധികൃതർ വെളിപ്പെടുത്തി. ഏകദേശം 76 ലക്ഷം ദിർഹം മൂല്യമുള്ള വൈദ്യുതിയാണ് ലാഭിച്ചതെന്നും 7283 ടൺ കാർബൺ പുറന്തള്ളൽ കുറക്കാനിത് കാരണമാകുമെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
പരിസ്ഥിതിസൗഹൃദ സംവിധാനങ്ങൾ വികസിപ്പിച്ച് സുസ്ഥിരത ഉറപ്പുവരുത്താനുള്ള ആർ.ടി.എയുടെ വിവിധ പദ്ധതികളുടെ ഭാഗമായാണ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്. ലോകത്ത് ജീവിക്കാൻ ഏറ്റവും സുഖകരമായ നഗരമാക്കി ദുബൈയെ മാറ്റുകയെന്ന ലക്ഷ്യത്തിന് സംഭാവന ചെയ്യുന്നതുമാണ് പദ്ധതി. 2030ഓടെ 30 ശതമാനം വൈദ്യുതി സംരക്ഷിക്കാനാണ് ആർ.ടി.എ ലക്ഷ്യമിടുന്നത്. ദുബൈ മെട്രോ സ്റ്റേഷനുകളിലെ സാധാരണ ലൈറ്റുകൾ മാറ്റി റെഡ്, ഗ്രീൻ ലൈനുകളിൽ എൽ.ഇ.ഡികൾ സ്ഥാപിച്ചതായി ആർ.ടി.എ ട്രെയിൻ ഏജൻസിയിലെ റെയിൽ മെയ്ന്റനൻസ് ഡയറക്ടർ മുഹമ്മദ് അൽ അമീരി പറഞ്ഞു. ഏകദേശം 95 ശതമാനം ഊർജത്തെ പ്രകാശമാക്കി മാറ്റുന്നതാണ് എൽ.ഇ.ഡി ലൈറ്റുകൾ. അതിനാൽ അഞ്ചു ശതമാനം ഊർജം മാത്രമാണ് താപമായി പാഴാകുന്നത്. ഇതിനാലാണ് ഈ സംവിധാനം പരിസ്ഥിതി സൗഹൃദവും ചെലവ് കുറഞ്ഞതുമായ ലൈറ്റിങ് രീതിയായി വിലയിരുത്തപ്പെടുന്നത്.
2021ലാണ് ആർ.ടി.എയുടെ ഊർജസംരക്ഷണ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിച്ചത്. ഈ ഘട്ടത്തിൽ 7200 പരമ്പരാഗത ലൈറ്റിങ് യൂനിറ്റുകൾ ഊർജസംരക്ഷണ രീതിയിലേക്കു മാറ്റി. ഇത് ഒരു വർഷത്തിനുള്ളിൽ ഏകദേശം 4,981,000 വാട്ട് ഊർജം ലാഭിക്കാൻ ആർ.ടി.എയെ സഹായിച്ചിട്ടുണ്ട്.
12,768 ഊർജസംരക്ഷണ ലൈറ്റിങ് യൂനിറ്റുകൾ മാറ്റിയ രണ്ടാംഘട്ടത്തിൽ 4,981,964 കിലോവാട്ട് ലാഭിച്ചു. പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചതായും അഞ്ചു ശതമാനം ജോലികൾ പൂർത്തിയായതായും മുഹമ്മദ് അൽ അമീരി പറഞ്ഞു.
ഈ വർഷം അവസാനത്തോടെ ഇത് പൂർത്തീകരിക്കും. ഈ ഘട്ടത്തിൽ ദുബൈ മെട്രോയുമായി ബന്ധപ്പെട്ട പാർക്കിങ് സ്ഥലങ്ങളിലും സൗകര്യങ്ങളിലും 12,717 വൈദ്യുതി കുറഞ്ഞ ലൈറ്റിങ്യൂനിറ്റുകൾ സ്ഥാപിക്കും. പൂർത്തിയാകുന്നതോടെ മൂന്നാം ഘട്ടത്തിൽ 7,296,576 കിലോവാട്ട് വൈദ്യുതി ലാഭിക്കാനാകും.
Comments are closed.