ദുബായ് റീഫ് പദ്ധതി പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ

ദുബായ് :പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്താൻ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്അൽ മക്തൂം ‘ദുബായ് റീഫ്’ പദ്ധതി ആരംഭിച്ചു.

ദുബായിൽ നടക്കുന്ന കാലാവസ്ഥാഉച്ചകോടിയുടെ ഭാഗമായാണ് ലോകത്തിലെ ഏറ്റവുംവലിയ മറൈൻ റീഫ് വികസനപദ്ധതികളിലൊന്നിന് തുടക്കംകുറിച്ചത്. കൃത്രിമ പവിഴപ്പുറ്റുകൾ സൃഷ്ടിച്ചുകൊണ്ട് എമിറേറ്റിന്റെ സമുദ്ര സംരക്ഷണശേഷി ഉയർത്തുകയാണ് ലക്ഷ്യം.യു.എ.ഇ.യുടെ പരിസ്ഥിതിസംരക്ഷണം, വന്യജീവി സംരക്ഷണം, ജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്ക് പദ്ധതി മുൻഗണനനൽകുമെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.

പാരിസ്ഥിതികസുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കുന്ന പദ്ധതികൾ ആരംഭിക്കുന്നത് ഭാവിതലമുറകൾക്കും പ്രയോജനകരമാകും.

സമുദ്രജീവികളുടെ സംരക്ഷണത്തിന് പവിഴപ്പുറ്റുകൾ പ്രധാനഘടകമാണ്. പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളിലൂടെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതംകുറയ്ക്കാനുള്ള ആഗോള ശ്രമങ്ങൾക്ക് സംഭാവനനൽകുന്ന ഈ വലിയപദ്ധതി ദുബായിൽ ആരംഭിച്ചതിൽ സന്തോഷമുണ്ടെന്നും ശൈഖ് ഹംദാൻ പറഞ്ഞു.ദുബായ് കാൻ പദ്ധതിയുടെകീഴിലാണ് പുതിയപദ്ധതി വരുന്നത്. ദുബായ് സാമ്പത്തിക വിനോദസഞ്ചാരവകുപ്പും (ഡി.ഇ.ടി.), റെഗുലേറ്ററി കമ്മിറ്റി ഓൺ ഫിഷിങ് ഓഫ് ലിവിങ് അക്വാറ്റിക് റിസോഴ്സസ് ഇൻ ദുബായിയും സംയുക്തമായി പദ്ധതിക്ക് നേതൃത്വംനൽകും. 600 ചതുരശ്രകിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയിലൂടെ പ്രതിവർഷം 70 ലക്ഷം ടണ്ണിലേറെ കാർബൺപുറന്തള്ളൽ ഒഴിവാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. സമുദ്രജൈവവൈവിധ്യം വർധിപ്പിക്കുന്നതിനായി നാലുഘട്ടങ്ങളിലായാണ് നാലുലക്ഷം ക്യൂബിക് മീറ്റർ ജലത്തിൽ പദ്ധതി നടപ്പാക്കുക.പവിഴപ്പുറ്റുകളുടെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുക, തീരദേശ സംരക്ഷണശ്രമങ്ങൾ വർധിപ്പിക്കുക,സമുദ്ര ജൈവവൈവിധ്യംപുനരുജ്ജീവിപ്പിക്കുക, മത്സ്യസമ്പതവർധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ മറ്റുലക്ഷ്യങ്ങൾ. കാർബൺപുറന്തള്ളൽ കുറയ്ക്കുന്നതിനും സമുദ്രജൈവവൈവിധ്യം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി നിർണായക ഇടപെടലുകൾ നടത്തും. ലോകത്തിലെ ഏറ്റവുംമികച്ച മൂന്ന് നഗരങ്ങളിലൊന്നായി ദുബായിയുടെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള നാഴികക്കല്ലായാണ് പദ്ധതിയെ കണക്കാക്കുന്നത്.

Comments are closed.