ദുബായ് : കഴിഞ്ഞവർഷം എമിറേറ്റിൽ 234 ഹെക്ടറിലായി 185,000 വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചതായി മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്രി പറഞ്ഞു. 2022-ൽ ഇത് 170 ഹെക്ടറുകളായിരുന്നു.
സംരക്ഷിതമേഖലകൾ, റോഡുകൾ, പാർക്കുകൾ എന്നിങ്ങനെ 210 സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രതിദിനം ശരാശരി 500 വൃക്ഷത്തൈകളാണ് നട്ടത്. ഗാഫ്, സിദ്ർ, സുമർ, വേപ്പ്, ഒലീവ്, ഈന്തപ്പന, ഇന്ത്യൻ മുല്ല, വാഷിങ്ടോണിയ, ബിസ്മാർക്കിയ, ബോഗെൻവില്ല, ഡാർസിന തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
സുസ്ഥിരത കൈവരിക്കാനുള്ള മുനിസിപ്പാലിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് എമിറേറ്റിലെ ഹരിതയിടങ്ങൾ വർധിപ്പിക്കുന്നത്. പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കാനുള്ള ഈ സംരംഭത്തിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും പരിസ്ഥിതിയിൽ നല്ല മാറ്റങ്ങളുണ്ടാക്കാനും കഴിയും.
എമിറേറ്റിന്റെ സൗന്ദര്യം മെച്ചപ്പെടുന്നതോടൊപ്പം ഭാവി തലമുറകൾക്കായി പരിസ്ഥിതിസംരക്ഷണം ഉറപ്പാക്കാനും സംരംഭം സഹായകരമാകുമെന്നും അൽ ഹജ്രി പറഞ്ഞു.
Comments are closed.