ദുബായ് : ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ.) ഇമിഗ്രേഷൻ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ കുട്ടികളെ സഹായിക്കുന്നതിന് പുതിയ കോൾസെന്റർ സേവനം ആരംഭിച്ചു. ഇതിലൂടെ ഇമിഗ്രേഷൻ സേവനങ്ങളെക്കുറിച്ച് കുട്ടികൾക്കും വകുപ്പിൽനിന്ന് ചോദിച്ചറിയാം. ജി.ഡി.ആർ.എഫ്.എ.യുടെ അമർ കോൾസെന്ററിൽ നടന്ന പത്രസമ്മേളത്തിലാണ് മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ഇക്കാര്യമറിയിച്ചത്.
ഏഴിനും 12-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിസ, പാസ്പോർട്ട് പുതുക്കൽ, യാത്രാനടപടിക്രമങ്ങൾ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി സംസാരിക്കാം. യു.എ.ഇ.യിലും വിദേശത്തും 24 മണിക്കൂറും കോൾസെന്റർ സേവനം ലഭ്യമാണ്. യു.എ.ഇ.യിലുള്ളവർക്ക് 8005111-ലും രാജ്യത്തിന് പുറത്തുള്ളവർക്ക് +971 4313-9999-ലും ജി.ഡി.ആർ.എഫ്.എ.യുമായി ബന്ധപ്പെടാം. ഇംഗ്ലീഷ്, അറബിക് ഭാഷകളിൽ സേവനം ലഭ്യമാണ്. പ്രത്യേക സേവനം കുട്ടികൾക്ക് മാത്രമാണെന്നും രക്ഷിതാക്കൾക്കല്ലെന്നും അധികൃതർ വ്യക്തമാക്കി.
രക്ഷിതാക്കൾ അമർ കോൾസെന്റർ സേവനം പ്രയോജനപ്പെടുത്തണമെന്ന് ജി.ഡി.ആർ.എഫ്.എ.യിലെ ഉപഭോക്തൃ സന്തോഷവിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ സലേം മുഹമ്മദ് അലി സുൽത്താൻ ബിൻ അലി പറഞ്ഞു. കുട്ടികളുടെ ആശയങ്ങൾ മനസ്സിലാക്കാനും ജി.ഡി.ആർ.എഫ്.എ. യുടെ സേവനം മെച്ചപ്പെടുത്താനും പുതിയ സേവനം പ്രയോജനപ്പെടുമെന്ന് ജി.ഡി.ആർ.എഫ്.എ.യിലെ ഉപഭോക്തൃ ക്ഷേമവിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ ഖലീൽ ഇബ്രാഹിം മുഹമ്മദ് അബ്ദുൽ റഹീം വ്യക്തമാക്കി. കുട്ടികൾക്ക് മികച്ച യാത്രാനുഭവങ്ങൾ നൽകാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് നിലവിൽ പ്രത്യേക പാസ്പോർട്ട് കൺട്രോൾ കൗണ്ടറുകളും പുതുതായി കോൾസെന്ററും സ്ഥാപിച്ചത്.
അതേസമയം 2022-മായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ വർഷം ജി.ഡി.ആർ.എഫ്.എ.യുടെ ഓൺലൈൻ ഇടപാടുകൾ ഏകദേശം 2,40,000-ആയി ഉയർന്നതായി അധികൃതർ വെളിപ്പെടുത്തി.
വീഡിയോകോൾ, വെർച്വൽ അമർ തുടങ്ങിയ സേവന ഉപയോക്താക്കളുടെ എണ്ണത്തിലും വലിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം കുട്ടികൾക്ക് മാത്രമായി ഇമിഗ്രഷൻ കൗണ്ടറുകൾ തുറന്നിരുന്നു. അതിന്റെ വിപുലീകരണത്തിന്റെ ഭാഗമായാണ് പുതിയസേവനം.
Comments are closed.