ദുബൈ: വിവിധ മെട്രോ സ്റ്റേഷനുകൾ പോലെ ദുബൈയിലെ പെട്രോൾ പമ്പുകളും ഇനി സ്വകാര്യ കമ്പനികളുടെ ബ്രാൻഡ് നെയിമിൽ അറിയപ്പെടും. ‘പ്രോജക്ട് ലാൻഡ്മാർക്ക്’ എന്ന പേരിൽ എമിറേറ്റ്സ് ജനറൽ പെട്രോളിയം കോർപറേഷൻ (ഇമാറാത്ത്) ശനിയാഴ്ചയാണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. ഇതു പ്രകാരം പ്രാദേശിക, അന്തർദേശീയ കമ്പനികൾക്കും ബ്രാൻഡുകൾക്കും ദുബൈയിലേയും വടക്കൻ എമിറേറ്റുകളിലേയും പെട്രോൾ പമ്പുകൾക്ക് അവരുടെ ബ്രാൻഡ് നെയിം നൽകാം. പരസ്യത്തിന്റെ രൂപത്തിലായിരിക്കും പേരിടാനുള്ള അവകാശം. നിശ്ചിത തുക അടച്ചാൽ കമ്പനികൾക്കും ബ്രാൻഡുകൾക്കും പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം, കെട്ടിടം, മറ്റ് സൗകര്യങ്ങൾ എന്നിവക്ക് സ്വന്തം ബ്രാൻഡുകളുടെ പേരിടാം.
ദുബൈ മെട്രോ സ്റ്റേഷനുകൾ നിലവിൽ ഈ രീതി അവലംബിക്കുന്നുണ്ട്. ഓരോ സ്റ്റേഷനുകളും വിവിധ പ്രാദേശിക, അന്തർദേശീയ കമ്പനികളുടെ ബ്രാൻഡ് പേരുകളിലാണ് അറിയപ്പെടുന്നത്. എമിറേറ്റ്സ്, ഓൺപാസീവ്, അബൂദബി കൊമേഴ്സ്യൽ ബാങ്ക് (എ.ഡി.സി.ബി), യു.എ.ഇ എക്സ്ചേഞ്ച്,, ദന്യൂബ് തുടങ്ങിയ കമ്പനികളാണ് മെട്രോ സ്റ്റേഷനുകളിൽ സ്വന്തം ബ്രാൻഡ് നെയിം ഉപയോഗിക്കുന്നത്. ദുബൈയിലും വടക്കൻ എമിറേറ്റിലുമായി ഇമാറാത്തിന് 139 സർവിസ് സ്റ്റേഷനുകളുണ്ട്. ഈ സ്റ്റേഷനുകളെല്ലാം പുതിയ ബ്രാൻഡ് നെയിമുകളിൽ അറിയപ്പെടും. കമ്പനികൾക്ക് ഏറ്റവും നൂതനമായ ബിസിനസ് പ്ലാറ്റ്ഫോമാണ് ‘പ്രോജക്ട് ലാൻഡ്മാർക്ക്’ പ്രദാനം ചെയ്യുന്നതെന്ന് ഇമാറാത്ത് ഡയറക്ടർ ജനറൽ എൻജീനിയർ അലി ഖലീഫ അൽ ശംസി പറഞ്ഞു. ഇമാറാത്തിന്റെ എല്ലാ പെട്രോൾ സ്റ്റേഷനുകളിലും ഏറ്റവും മികച്ച സൗകര്യങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്. കൂടാതെ ഉപഭോക്താക്കൾക്ക് ലോക നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനായി ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments are closed.