യുഎഇയിലെ താമസക്കാർക്ക് സൗദി ഇ-വീസയിൽ ഉംറ നിർവഹിക്കാം

ദുബായ് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ എല്ലാ പ്രവാസികൾക്കും അവരുടെ തൊഴിൽ പരിഗണിക്കാതെ തന്നെ സൗദി ഇലക്ട്രോണിക് ടൂറിസ്റ്റ് വീസയ്ക്കോ ഇ-വീസയ്ക്കോ അപേക്ഷിക്കാമെന്ന് സൗദി അറേബ്യയുടെ ടൂറിസം മന്ത്രാലയം അറിയിച്ചു. കൂടാതെ, അടുത്ത ബന്ധുക്കൾക്കും സ്പോൺസർമാരോടൊപ്പം സന്ദർശിക്കുന്ന ജിസിസിയിലെ വീട്ടുജോലിക്കാർക്കും ഇ-വീസ ലഭിക്കും. എങ്കിലും പ്രവാസികളുടെ ആശ്രിതർക്ക് ഒരു ജിസിസി രാജ്യത്ത് നിന്നുള്ള സാധുവായ റസിഡൻസി വീസ ഉണ്ടായിരിക്കണമെന്നാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പറയുന്നത്. യുഎഇ റസിഡൻസ് വീസയുള്ള ആളാണെങ്കിൽ നിങ്ങൾക്ക് ഇ- വീസ ഉപയോഗിച്ച് ഹജ് സീസണിൽ ഒഴികെ ഏത് സമയത്തും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സൗദിയിൽ സന്ദർശനം നടത്താനും രാജ്യം ചുറ്റിക്കാണാനും ഉംറ നിർവഹിക്കാനും കഴിയും. യുഎഇയിൽ നിന്ന് മലയാളികളുൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ഉറം നിർവഹിക്കാൻ പോകാറുണ്ട്. ചില സംഘടനകളും കൂട്ടായ്മ‌കളും റോഡ് മാർഗം ബസിലൂടെയും ചിലർ വിമാനത്തിലുമാണ് പോകാറ്.സൗദി ഇ-വീസയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപ് അത് ലഭിക്കാൻ യോഗ്യരാണെന്ന് ഉറപ്പാക്കാൻ ജിസിസിയിൽ താമസിക്കുന്നവർ ചില വ്യവസ്‌ഥകൾ പാലിക്കേണ്ടതുണ്ട്. റസിഡൻസി രേഖയ്ക്ക് കുറഞ്ഞത് മൂന്ന് മാസമെങ്കിലും സാധുത ഉണ്ടായിരിക്കണമെന്നതാണ് അതിൽ ആദ്യത്തേത്. അതോടൊപ്പം പാസ്പ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും സാധുത ഉണ്ടായിരിക്കണം. മാതാപിതാക്കളില്ലാതെ യാത്ര ചെയ്യുകയാണെങ്കിൽ അപേക്ഷകരുടെ ഏറ്റവും കുറഞ്ഞ പ്രായം 18 ആണ്.

Comments are closed.