ദുബായ് : എയർ ടാക്‌സികൾ,മെട്രോയുമായി ബന്ധിപ്പിച്ചുള്ള സ്കൈ ഗാർഡൻ ബ്രിഡ്‌ജ് തുടങ്ങിയവക്കായി ദുബായിൽ 250 കോടി ദിർഹത്തിന്റെ ബൃഹത്പദ്ധതി. പൊതു-സ്വകാര്യ മേഖലയിലെ പ്രവർത്തനപദ്ധതിക്ക് ദുബായ് ഗതാഗത മേധാവികൾ അംഗീകാരം നൽകി. പ്രധാനമായും 10 പദ്ധതികളാണ് നടപ്പാക്കുകയെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു.ആറുപേർക്ക് യാത്ര ചെയ്യാവുന്ന വൈദ്യുത എയർ ടാക്സികൾ അടുത്തവർഷം ദുബായിൽ പരീക്ഷണപ്പറക്കൽ തുടങ്ങും. സ്പാനിഷ് കമ്പനിയായ ക്രൈസാലിയോൺ യു.എ.ഇ.യിലെ വാൾട്രാൻസ് ട്രാൻസ്പോർട്ടേഷൻ സിസ്റ്റംസ് ആൻഡ് സർവീസസുമായുള്ള പങ്കാളിത്തത്തോടെയാണ് എയർടാക്സികൾ ദുബായിൽ അവതരിപ്പിക്കുക.
ക്രൈസാലിയോണിന്റെ മേൽനോട്ടത്തിൽ 2019 മുതൽ വടക്കൻ സ്പെയിനിൽ എയർടാക്‌സികൾ പരീക്ഷിച്ചുവരുകയാണ്.2024-നും 2026-നുമിടയിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളിൽ ഒരു സംയോജിത സൈക്കിൾ ശൃംഖല, മൂന്ന് സംയോജിത വിശ്രമകേന്ദ്രങ്ങൾ, ലോറികൾക്കുള്ള 16 വിശ്രമകേന്ദ്രങ്ങൾ, ബഹുനില കെട്ടിട പാർക്കിങ് പ്രദേശങ്ങൾ എന്നിവയുൾപ്പെടും. പൊതുഗതാഗത സേവനങ്ങളുടെ വികസനത്തിന് പൊതു, സ്വകാര്യ മേഖലകളിൽനിന്നുള്ള പണമിറക്കൽ അത്യാവശ്യമാണെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
ദുബായ് മെട്രോ ലൈനിൽ യൂണിയൻ സ്റ്റേഷനുസമീപം യൂണിയൻ 71 പ്രോജക്ട് എന്ന പേരിൽ പാർപ്പിട, വാണിജ്യ സമുച്ചയം നിർമിക്കാൻ ആർ.ടി.എ.ലക്ഷ്യമിടുന്നുണ്ട്. പോർട്ട് സയീദ്, കരാമ, ദേര സ്ക്വയർ എന്നിവിടങ്ങൾ ബഹുനില കെട്ടിട പാർക്കിങ് നിർമാണം, സ്‌മാർട്ട് സ്ട്രീറ്റ് ലൈറ്റുകൾ, വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾക്കായി സ്മാർട്ട് സംവിധാനം, അൽ ഖവാനീജ്, അൽ റുവായ, അൽ അവീർ, ജെബൽ അലി എന്നിവിടങ്ങളിൽ ഡ്രൈവർമാർക്കുള്ള താമസസൗകര്യം, കരാമ ബസ് സ്റ്റേഷനിലെ വാണിജ്യ നിർമാണ വികസനം, ദുബായ് ക്രീക്കിന് മുകളിലൂടെയുള്ള സ്കൈ ഗാർഡൻ ബ്രിഡ്‌ജ് എന്നിവയും പദ്ധതിയിലുൾപ്പെടും. മെട്രോ, ബസുകൾ, മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകൾ എന്നിവയുടെ സാമീപ്യം വിവിധ പൊതുഗതാഗത ഉപയോക്താക്കൾക്ക് യാത്ര എളുപ്പമാക്കുമെന്ന് അൽ തായർ വിശദീകരിച്ചു.
Comments are closed.