ദുബായ് : ദുബായ് ക്രീക്കിന്റെ സംരക്ഷണഭിത്തികൾ നവീകരിക്കാനുള്ള പുതിയപദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിട്ടു. ദേര, ബർ ദുബായ് ഭാഗത്തുള്ള കടൽഭിത്തികൾ പുനർനിർമിക്കുകയാണ് പ്രധാനലക്ഷ്യം. കഴിഞ്ഞ 50 വർഷത്തിലേറെയായി തകർന്നതും ജീർണിച്ചതുമായ ഭിത്തികൾ പുനർനിർമിക്കുന്നതിനാണ് 11.2 ദിർഹത്തിന്റെ പദ്ധതി പ്രഖ്യാപിച്ചത്. പ്രതിവർഷം 13,000 കപ്പലുകൾ ദുബായ് ക്രീക്കിലൂടെ കടന്നുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ എമിറേറ്റിന്റെ വാണിജ്യ ഗതാഗതത്തിന്റ മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ക്രീക്കിന്റെ ദേര, ബർ ദുബായ് പ്രദേശങ്ങളിൽ രണ്ടുഘട്ടങ്ങളിലായാണ് പദ്ധതി പൂർത്തിയാക്കുക. ഒന്നാംഘട്ടത്തിൽ ദേര ഭാഗത്തുള്ള 2.1 കിലോമീറ്റർ നീളത്തിലും രണ്ടാംഘട്ടത്തിൽ ബർ ദുബായ് ഭാഗത്ത് 2.3 കിലോമീറ്റർ നീളത്തിലും കടൽഭിത്തികൾ പുനഃസ്ഥാപിക്കും. തീരദേശമേഖലയിൽ അടിസ്ഥാനസൗകര്യങ്ങളും സേവനങ്ങളും വികസിപ്പിച്ച് എമിറേറ്റിനെ കൂടുതൽആകർഷകമാക്കാനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിബദ്ധതയുടെഭാഗമാണ് പദ്ധതിയെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർജനറൽ ദാവൂദ് അൽ ഹജ്‌രി പറഞ്ഞു. ആഗോള വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിലും സാമ്പത്തികമായുംവാണിജ്യപരമായും ദുബായിയുടെ സ്ഥാനം ഉയർത്താനുമാണ് പദ്ധതി ആവിഷ്കരിച്ചത്. സമുദ്രഗതാഗതവും വാണിജ്യപ്രവർത്തനങ്ങളുടെ സുരക്ഷിതത്വവും വർധിപ്പിക്കാൻ പദ്ധതിയിലൂടെ സാധിക്കും. എമിറേറ്റിന്റെ സാമൂഹിക, സാമ്പത്തിക അഭിവൃദ്ധിക്ക് ക്രീക്ക് ഗണ്യമായസംഭാവനകൾ നൽകുന്നുണ്ട്. കാലാവസ്ഥാവ്യതിയാനങ്ങളുടെ പ്രത്യാഘാതങ്ങൾ നേരിടാനും അപകടസാധ്യതകൾ ലഘൂകരിക്കാനും ഒട്ടേറെ നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ടെന്നും അൽ ഹജ്രി വിശദീകരിച്ചു.
Comments are closed.