ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോ ഇന്നു മുതൽ

ദുബായ് : ആഡംബരവും നൂതനത്വവും സമന്വയിക്കുന്ന ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോയുടെ 30-ാം പതിപ്പിന് ബുധനാഴ്ച തുടക്കമാകും. സമുദ്ര മേഖലയിലെ പ്രധാന പ്രദർശനത്തിന് ഞായറാഴ്ചവരെ ദുബായ് ഹാർബറാണ് വേദിയാകുക. സമുദ്ര വ്യവസായത്തിൽ സുസ്ഥിരത ഉറപ്പാക്കുകയെന്ന ആശയമാണ് ബോട്ട് ഷോ മുന്നോട്ട് വയ്ക്കുന്നത്.

സമുദ്ര മേഖലയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ദുബായ് റീഫ് പദ്ധതി പ്രദർശനത്തിൽ അവതരിപ്പിക്കും. ഫെററ്റി, സൺറീഫ്, ക്രഞ്ചി യോട്ട് എന്നിങ്ങനെ 400 പുതിയ കമ്പനികൾ ഉൾപ്പടെ 1000-ത്തിലേറെ വ്യത്യസ്ത ബ്രാൻഡുകൾ പ്രദർശനത്തിൽ അണിനിരക്കും. 55 രാജ്യങ്ങളിൽനിന്നുള്ള പ്രദർശകർ പങ്കെടുക്കും.

സൂപ്പർ യോട്ടുകളുടെ വിപുലമായ ശേഖരം ഇത്തവണയുണ്ടാകും. യു.എ.ഇ. ആസ്ഥാനമായുള്ള സൂപ്പർ യോട്ട് നിർമാതാവായ ഗൾഫ് ക്രഫ്റ്റ് 10-ലേറെ കപ്പലുകൾ പ്രദർശിപ്പിക്കും. വാഹന പ്രേമികളെ ആകർഷിക്കാനായി പ്രത്യേകം രൂപകൽപന ചെയ്ത ഹൈപ്പർകാർ അവന്യൂവും സന്ദർശകർക്ക് ആസ്വദിക്കാം.

ജല-കായിക വിനോദ പ്രേമികൾക്കായി ജെറ്റ് സ്കീയിങ്, ഫ്ളൈ ബോർഡിങ് എന്നിവയുൾപ്പടെയുള്ള വിനോദപരിപാടികളും ബോട്ട് ഷോയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ബോട്ട് പ്രദർശനത്തിന്റെ ആവേശം കുട്ടികൾക്ക് പകർന്നുനൽകാൻ സമുദ്ര പ്രമേയത്തിലുള്ള വിനോദ, വിജ്ഞാന പ്രവർത്തനങ്ങളുമുണ്ടാകും. സമുദ്ര സംരക്ഷണം, അത്യാധുനിക സാങ്കേതികവിദ്യകൾ, ജല ഗതാഗത സംവിധാനങ്ങൾ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ച് വിദഗ്ധരുടെ നേതൃത്വത്തിൽ ചർച്ചകളും നടക്കും.

Comments are closed.