ദുബൈ: ലോകത്ത് ആദ്യമായി പറക്കും മനുഷ്യരുടെ റേസിങ് നടത്തുമെന്ന് പ്രഖ്യാപിച്ച് ദുബൈ. യു.എ.ഇ എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദിന്റെ രക്ഷാകർതൃത്വത്തിൽ ദുബൈ സ്പോർട്സ് കൗൺസിലാണ് ഫെബ്രുവരി 28ന് ‘ദുബൈ ജെറ്റ് സ്യൂട്ട് റേസിങ്’ സംഘടിപ്പിക്കുന്നത്. എയർക്രാഫ്റ്റുകളുടെ സഹായമില്ലാതെ ജെറ്റ് എൻജിൻ സ്യൂട്ടിനെ ആശ്രയിച്ച് പറക്കുന്നവരാണ് മത്സരത്തിൽ പങ്കെടുക്കുക.
ജെറ്റ് സ്യൂട്ടുകൾ, ജെറ്റ് സ്യൂട്ട് റേസിങ് എന്നിവയുടെ മുൻനിര കമ്പനിയായ ഗ്രാവിറ്റി ഇൻഡസ്ട്രീസുമായി സഹകരിച്ചാണ് ഇവന്റ് സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നായി എട്ട് പേർ മത്സരത്തിൽ പങ്കെടുക്കും. യു.എ.ഇയുടെ പറക്കും മനുഷ്യനായ അഹമ്മദ് അൽ ശെഹിയും മത്സര രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി ബ്രിട്ടനിൽ പ്രത്യേക പരിശീലനത്തിലാണിദ്ദേഹം.
ബുർജ് ഖലീഫക്ക് സമീപമുള്ള ബുർജ് പാർക്കിൽ നടന്ന ചടങ്ങിൽ റേസിങ് സംഘടിപ്പിക്കുന്നതിനായി ദുബൈ സ്പോർട്സ് കൗൺസിലും ഗ്രാവിറ്റി ഇൻഡസ്ട്രീസിന്റെ സ്ഥാപകനും ചീഫ് ടെസ്റ്റ് പൈലറ്റുമായ റിചാർഡ് ബ്രൗണിയും കരാറിൽ ഒപ്പുവെച്ചു. ഈ മത്സരം ആഗോള തലത്തിൽ പുതിയ യുഗത്തിന്റെ ആരംഭത്തിന്റെ സൂചനയാണെന്ന് ദുബൈ സ്പോർട്സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
ദുബൈ ഹാർബറിനും ദുബൈ സ്കൈഡൈവിനും ഇടയിലുള്ള പ്രദേശത്താണ് മത്സരം സംഘടിപ്പിക്കുക. ഇവിടെ ജലത്തിന്റെ ആഴവും വിസ്തൃതിയും മത്സരത്തിന് അനുയോജ്യമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വെള്ളത്തിൽ മുങ്ങിപ്പോകുന്നതിൽ നിന്ന് സംരക്ഷണം നൽകുന്നതുൾപ്പെടെ മത്സരാർഥികളുടെ ആരോഗ്യം, സുരക്ഷ എന്നിവക്ക് ഊന്നൽ നൽകി രൂപകൽപന ചെയ്ത സ്യൂട്ടാണ് നൽകുക.
Comments are closed.