ദോഹ : ആരോഗ്യകരമായ നേട്ടങ്ങൾ പ്രയോജനപ്പെടുത്തി നടക്കാനും ഓടാനുമായി മണൽ കൊണ്ടുള്ള 2 കിലോമീറ്റർ നടപ്പാത നിർമിക്കാൻ അധികൃതർ തയാറെടുക്കുന്നു. അൽ ഗരാഫയിലെ അൽ അസ്ഗവയിലാണ് പുതിയ നടപ്പാത നിർമിക്കുന്നത്. പദ്ധതിക്ക് പ്രാരംഭ അനുമതികൾ ലഭിച്ചു . രാജ്യത്ത് മണൽ നിറഞ്ഞ നടപ്പാത ഇതാദ്യമാണ്. അൽ അസ്ഗവയിലെ അൽ ഹതീം സ്ട്രീറ്റിലാണ് 9 മീറ്റർ വീതിയും 2 കിലോമീറ്റർ നീളവുമുള്ള ജോഗിങ് ട്രാക്ക് നിർമിക്കുന്നതെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ (സിഎംസി) ഡപ്യൂട്ടി ചെയർമാൻ മുബാറക്ക് ഫെറെയ്ഷ് അൽ സലീം വ്യക്തമാക്കി. ശരീരത്തിലെ നെഗറ്റീവ് എനർജി നീക്കം ചെയ്യുന്നതുൾപ്പെടെ മണലിന്റെ ആരോഗ്യകരമായ നേട്ടങ്ങൾ കണക്കിലെടുത്താണിത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഏതു തരം മണൽ ആണ് നടക്കാനും ഓടാനും ഏറ്റവും ആരോഗ്യകരമെന്ന് വിലയിരുത്തിയ ശേഷമാണ് മണൽ നടപ്പാത നിർമിക്കുക. ഉം സുബെർ സ്ട്രീറ്റിലെ അൽ ഗരാഫ പാർക്ക് വിപുലീകരിക്കാനും പദ്ധതിയുണ്ട്. സന്ദർശകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ പാർക്ക് വിപുലീകരിക്കാൻ ബന്ധപ്പെട്ട അധികൃതരോട് സിഎംസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അൽ സലീം കൂട്ടിച്ചേർത്തു. വിപുലീകരണത്തിൽ കൂടുതൽ നടപ്പാതകളും ഹരിത ഇടങ്ങളും കുട്ടികൾക്കുള്ള കളിസ്ഥലവുമെല്ലാം ഉൾപ്പെടും. ശീതീകരിച്ച കാൽനട-ജോഗിങ് ട്രാക്കുള്ള രാജ്യത്തെ ആദ്യത്തെ പാർക്ക് ആണ് അൽ ഗരാഫ.
657 മീറ്റർ നീളമാണ് ട്രാക്കിനുള്ളത്. തദ്ദേശീയമായി വികസിപ്പിച്ച നൂതന കൂളിങ്, ശീതീകരണ സംവിധാനങ്ങളാണ് ട്രാക്കിനായി ഉപയോഗിച്ചിരിക്കുന്നത്. നിരവധി പേരാണ് നടക്കാനും ഓടാനുമായി ട്രാക്ക് പ്രയോജനപ്പെടുത്തുന്നത്. മുനിസിപ്പൽ സേവനങ്ങൾ സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ സിഎംസി അധികൃതരെ അറിയിക്കാനായി പുതിയ ഹോട്ട്ലൈൻ (44999222) ആരംഭിച്ചതായി അൽ സലീം അറിയിച്ചു. അതാത് ഏരിയകളിലെ സിഎംസി അംഗങ്ങളെ നേരിട്ടു വിളിച്ചും പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം.
Comments are closed.