അബുദാബി/ദുബായ് വർഷത്തിനകം 290 കോടി മെട്രിക് ടൺ (2.9 ജിഗാ ടൺ) കാർബൺ ബഹിർഗമനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ ഇൻഡസ്ട്രിയൽ ഡീകാർബണൈസേഷൻ റോഡ് മാപ്പിനു തുടക്കം കുറിച്ചു. ദുബായിൽ നടന്നുവരുന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടിയിലായിരുന്നു (കോപ് 28) പ്രഖ്യാപനം. വർഷത്തിൽ 9 കോടി ടൺ കാർബൺ മലിനീകരണം കുറയ്ക്കും. വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ സർക്കാർ, സ്വകാര്യ മേഖലകളുടെ സഹകരണത്തോടെ റോഡ് മാപ്പ് നടപ്പാക്കും.2050ഓടെ കാർബൺ രഹിത രാജ്യമെന്ന യുഎഇയുടെ പ്രഖ്യാപിത നയത്തിനു കരുത്തുപകരുന്നതായിരിക്കും പദ്ധതി. സിമന്റ്, ഇരുമ്പ്, സ്റ്റീൽ, അലുമിനിയം എന്നിവ ഉൾപ്പെടെയുള്ള ഉൽപാദന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്‌ഥിര ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും പ്രഖ്യാപിച്ചു. പാരിസ് കാലാവസ്ഥാ ഉടമ്പടി, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച യുഎൻ മാർഗരേഖ, യുഎഇ നെറ്റ് സീറോ 2050 എന്നിവയ്ക്ക് അനുസൃതമായാണ് റോഡ് മാപ്പ് നടപ്പാക്കുക.
പാരിസ് ഉടമ്പടി ഒപ്പുവച്ചതും നെറ്റ് സീറൊ2050 പദ്ധതി പ്രഖ്യാപിച്ച മേഖലയിലെ ആദ്യ രാജ്യമായ യുഎഇ 3 പതിറ്റാണ്ടായി കാലാവസ്ഥാ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കു വഹിക്കുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ, നൂതന സാങ്കേതിക സഹമന്ത്രി സാറാ ബിൻത് യൂസഫ് അൽ അമീരി പറഞ്ഞു. സമസ്‌ത മേഖലകളിലും ഘട്ടം ഘട്ടമായി ഊർജ പരിവർത്തനം കൈവരിക്കാനുള്ള ശ്രമം തുടരുമെന്നും പറഞ്ഞു. 2050ഓടെ വ്യാവസായിക മേഖലയിൽ 93% കാർബൺ മലിനീകരണം കുറയ്ക്കുന്നതിനുള്ള പദ്ധതിയാണ് റോഡ് മാപ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. വെല്ലുവിളികൾ മുൻകൂട്ടി കണ്ട് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബദൽമാർഗം കാണും. 3 ഘട്ടമായാണ് റോഡ് മാപ്പ് നടപ്പാക്കുക. 2030ഓടെ 5% മലിനീകരണം കുറയ്ക്കുക എന്നതാണ് ആദ്യത്തേത്. 2040ൽ 63%, 20508 93% എന്നിങ്ങനെയാണ് മറ്റു 2 ഘട്ടങ്ങൾ.
Comments are closed.