ദുബായ് : കാലാവസ്ഥാ ഉച്ചകോടി (കോപ് 28) ആദ്യ നാലു ദിവസങ്ങൾകൊണ്ട് സമാഹരിച്ചത് 5700 കോടി ഡോളർ. കോപ് 28 അധ്യക്ഷൻ ഡോ. സുൽത്താൻ അൽ ജാബറാണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവർത്തനത്തിൽ ഇത് സുപ്രധാന സംഭവമാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രപരമായ കരാറുകളും പ്രഖ്യാപനങ്ങളുംകൊണ്ട് കോപ് 28 ആദ്യദിനം ശ്രദ്ധേയമായിരുന്നു.കാലാവസ്ഥാവ്യതിയാനം പൂർണമായി പരിഹരിക്കുന്നതിനായി 3000 കോടി ഡോളറും കാലാവസ്ഥാവ്യതിയാനം മൂലമുള്ള നാശനഷ്ടങ്ങൾ പരിഹരിക്കാൻ 72.5 കോടി ഡോളറും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ കാലാവസ്ഥയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ലോകബാങ്ക് 900 കോടി ഡോളർ വാർഷിക സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. 300 കോടി ഡോളറിലേറെ ഗ്രീൻ പ്ലാനറ്റ് ഫണ്ടിനായി അനുവദിച്ചിട്ടുണ്ട്. ആരോഗ്യത്തിന് 270 കോടി ഡോളറും പ്രകൃതിക്ക് 260 കോടി ഡോളറും പ്രഖ്യാപിച്ചു. മീഥേൻ ബഹിർഗമനം കുറയ്ക്കുന്നതിന് 120 കോടി ഡോളർ, പുനരുപയോഗപ്രവർത്തനങ്ങൾക്കായി 250 കോടി ഡോളർ, റിലീഫ് ആൻഡ് റിക്കവറിക്കായി 120 കോടി ഡോളർ എന്നിങ്ങനെയും സമാഹരിച്ചു. ലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള ഒട്ടേറെപ്രതിജ്ഞകൾക്കും പ്രഖ്യാപനങ്ങൾക്കും ലോകനേതാക്കൾ നേതൃത്വം നൽകിയെന്നും അൽ ജാബർ വിശദീകരിച്ചു.
Comments are closed.