ദുബായ് : അൽ ഖൈൽ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക ലക്ഷ്യമിട്ട് അഞ്ച് പുതിയ മേൽപ്പാലങ്ങൾ നിർമിക്കും. ഇതിനായി 70 കോടി ദിർഹത്തിന്റെ പദ്ധതി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ.)ഞായറാഴ്ച പ്രഖ്യാപിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ അൽ ഖൈൽ റോഡിലെ ഗതാഗതക്കുരുക്ക് 30 ശതമാനം കുറയും. ബിസിനസ് ബേ ക്രോസിങ് മുതൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡുവരെ നീളുന്ന പ്രധാന റോഡുകളിലൊന്നാണ് അൽ ഖൈൽ റോഡ്. ഓരോ ദിശയിലും ആറ്ുപാതകൾ വീതമാണുള്ളത്. ശൈഖ് സായിദ്, ശൈഖ് മുഹമ്മദ് ബിൻ സായിദ്, എമിറേറ്റ്‌സ് റോഡുകൾക്ക് സമാന്തരമായാണ് അൽ ഖൈൽ റോഡുള്ളത്. മെച്ചപ്പെടുത്തൽ പദ്ധതിയിലൂടെ റോഡുകളുടെ ശേഷി വർധിപ്പിക്കാനാവുമെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സബീൽ, മെയ്ദാൻ, അൽ ഖൂസ് വൺ, ഗദീർ അൽ തായർ, ജുമൈര വില്ലേജ് സർക്കിൾ എന്നിവയുൾപ്പെടെയുള്ള ഏഴ് സ്ഥലങ്ങളിൽ റോഡുകൾ നവീകരിക്കും. സബീലിൽ പ്രത്യേകിച്ച് ഊദ് മേത്ത സ്ട്രീറ്റിനും ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റ് ഇന്റർസെക്‌ഷനുമിടയിലാണ് നവീകരണം നടപ്പാക്കുക. സബീൽ പാലസ്, ഊദ്മേത്ത സ്ട്രീറ്റുകളിൽനിന്ന് അബുദാബി ദിശയിലുള്ള അൽ ഖൈൽ റോഡിലേക്ക് നേരിട്ട് ഗതാഗതം ബന്ധിപ്പിക്കും. ഇതിനായി മൂന്നുവരിപ്പാലം നിർമിക്കും. അൽ മെയ്ദാൻ റോഡിൽനിന്ന് ദേര ദിശയിലുള്ള അൽ ഖൈൽ റോഡിലേക്ക് രണ്ടുവരിപ്പാലം നിർമിക്കും. റാസൽഖോർ റോഡിലേക്കും ഗതാഗതം ബന്ധിപ്പിക്കുന്നവിധം ഇവിടെ റോഡുകൾ മെച്ചപ്പെടുത്തും.
അൽ മെയ്ദാൻ റോഡിൽനിന്നും അബുദാബി ദിശയിലുള്ള അൽ ഖൈൽ റോഡ് അതായത് അൽ ഖൂസ് വൺ മേഖല നവീകരിക്കും. അൽ മെയ്ദാൻ റോഡിന്റെയും ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിന്റെയും ഇന്റർസെക്‌ഷനുകൾക്കിടയിലെ ഗദീർഅൽ തായറിൽ രണ്ടുവരിപ്പാലം നിർമിക്കും. ഇത് ലത്തീഫ ബിൻത് ഹംദാൻ സ്ട്രീറ്റിൽനിന്ന് ദേരയുടെ ദിശയിലുള്ള അൽ ഖൈൽ റോഡിലെ ഗതാഗതത്തിരക്ക് കുറയ്ക്കും. ഹെസ്സക്കും അൽ ഖമീലയ്ക്കും ഇടയിലെ ജുമൈര വില്ലേജ് സർക്കിൾ ഭാഗത്തും രണ്ടുവരിപ്പാലം വരും. നവീകരണം ജുമൈര വില്ലേജ് സർക്കിളിൽനിന്ന് ദേരയിലേക്കുള്ള അൽ ഖൈൽ റോഡിലെ തിരക്ക് കുറയ്ക്കും. മണിക്കൂറിൽ ഏകദേശം 2000 വാഹനങ്ങൾ കടന്നുപോകാനാവുന്നവിധത്തിൽ അൽ ജെദ്ദാഫിലും നവീകരണം നടപ്പാക്കും. അൽഖൈൽ റോഡിൽനിന്ന് ബിസിനസ് ബേ ഭാഗത്തേക്ക് അധികമായി ഒരു പാതകൂടി ചേർക്കും.
Comments are closed.