അജ്മാൻ പോലീസ് ക്ലബ്ബിൽ പൊതുജനങ്ങൾക്ക് അംഗത്വം

അജ്മാൻ : പൊതുജനങ്ങൾക്കുകൂടി ഉപയോഗിക്കാൻ തക്കവിധം അജ്മാൻ പോലീസ് സ്പോർട്‌സ് ആൻഡ് ഷൂട്ടിങ് ക്ലബ്ബ് നവീകരണം പൂർത്തിയായി. ആസാ ഗ്രൂപ്പിന്റെ നേതൃത്വത്തിലായിരുന്നു നവീകരണം. അജ്മാൻ പോലീസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ അജ്മാൻ പോലീസ് ഉപമേധാവി കേണൽ ഗൈത്ത് അൽ കഅബിയാണ് ഇക്കാര്യം അറിയിച്ചത്.

ആധുനികസൗകര്യങ്ങളോടെ സ്വിമ്മിങ്, ഫുട്‌ബോൾ, ഷൂട്ടിങ്, ബൗളിങ് പരിശീലനകേന്ദ്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കുറഞ്ഞ ഫീസ് നിരക്കിൽ ഉയർന്ന പരിശീലനസൗകര്യമാണ് ഇവിടെ പൊതുജനങ്ങൾക്കുൾപ്പെടെ ഒരുക്കിയത്.

മാഞ്ചസ്റ്റർ സിറ്റിയുടെ മാതൃകയിലാണ് ഇവിടെയുള്ള ഫുട്‌ബോൾ മൈതാനത്തിന്റെ സജ്ജീകരണം. പൊതുജനങ്ങളിൽനിന്ന് കുറഞ്ഞനിരക്ക് മാത്രമേ ഈടാക്കൂവെന്ന് കേണൽ ഗൈത്ത് അൽ കഅബി പറഞ്ഞു. ഏറെ സവിശേഷതകൾ ഉള്ളതാണ് അജ്മാൻ പോലീസ് ക്ലബ്ബെന്ന് ആസ ഗ്രൂപ്പ് ചെയർമാൻ സി.പി. സാലിഹ് വ്യക്തമാക്കി.

പുതിയതലമുറയ്ക്ക് കായികസൗകര്യങ്ങൾ നന്നായി ഉപയോഗപ്പെടുത്താനാവും. ഷൂട്ടിങ്, സ്പോർട്‌സ് പരിശീലനത്തിന് വേണ്ടിയാണ് പ്രധാനമായും ക്ലബ്ബ് പ്രവർത്തിക്കുക. കൂടാതെ വിവിധ വലുപ്പത്തിലുള്ള ഏറെ ആകർഷകമായ പാർട്ടിഹാളുകൾ, കോൺഫറൻസ് ഹാൾ എന്നിവയുമുണ്ട്. കോർപ്പറേറ്റ് യോഗങ്ങൾക്കും പാർട്ടികൾക്കും ഇവിടെ സൗകര്യമുണ്ട്. കുറഞ്ഞനിരക്ക് മാത്രമാണ് ഈടാക്കുന്നത്. വ്യക്തികൾക്കും കൂട്ടായ്മകൾക്കും സ്ഥാപനങ്ങൾക്കും ഇത് പ്രയോജനപ്പെടുത്താം. അത്യാധുനികസാമഗ്രികളാണ് ഏർപ്പെടുത്തിയിട്ടുള്ളത്ഏറ്റവും ആധുനികമായ ഷൂട്ടിങ് ക്ലബ്ബാണ് ഒരുക്കിയിട്ടുള്ളത്. ഫുട്‌ബോൾ ,നീന്തൽ എന്നിവയിലും പരിശീലനം നൽകും. ഇതിനായി ഉയർന്ന പരിശീലകരുണ്ട്. മാസം, വർഷം, വാരാന്ത്യ നിരക്കിൽ ക്ലബ്ബ് അംഗത്വവും ലഭ്യമാണ്. അജ്മാൻ പോലീസുമായി ചേർന്ന് സാമൂഹിക ഉത്തരവാദിത്വ പദ്ധതികൾ ആസാ ഗ്രൂപ്പ് നടത്താറുണ്ടെന്നും തടവുകാരുടെ മോചനത്തിന് സംഭാവന, കടലോര മാലിന്യനിർമാർജനം എന്നിവയെല്ലാം നടത്തിയിട്ടുണ്ടെന്നും സി.പി. സാലിഹ് വിശദീകരിച്ചു.

ആസാ ഗ്രൂപ്പുമായി ദീർഘകാലത്തെ സഹകരണമാണുള്ളതെന്ന് ബ്രിഗേഡിയർ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരായ ഡോ. മുഹമ്മദ് അൽ സുവൈദി, അമീന ജുമാ അൽ ശംസി, നൂറ അൽ ശംസി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Comments are closed.