‘ദേശീയത പ്രോത്സാഹനം, സ്ത്രീ ശാക്തീകരണം’; ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ട്രാവൽ പ്രോജക്ട്‌ടിന് പുരസ്‌കാര നേട്ടം

ദുബായ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരുടെ ക്ലിയറൻസ് പ്രക്രിയ സുഗമമാക്കുന്നതിനായുള്ള പുതിയ സ്മാർട്ട് ട്രാവൽ പദ്ധതികൾക്ക് യുഎഇ ഐഡിയാസ് 2023 അവാർഡ്. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തുമിന്റെ രക്ഷാകർതൃത്വത്തിൽ അവാർഡ് വിതരണം ചെയ്തു.പത്താം പതിപ്പിലെ അവാർഡ് വിഭാഗത്തിലെ അതിനൂതന ആശയവിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചത്. ദുബായ് പൊലീസ് ഓഫിസേഴ്സ് ക്ലബ്ബിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ വിവിധ ഗവൺമെന്റ് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും വ്യവസായ മേഖലയിലെ പ്രമുഖരും സംബന്ധിച്ചു. ബയോമെട്രിക് പരിശോധനാങ്ങളുടെ സഹായത്തോടെ ചെക്ക് ഇൻ, ഇമിഗ്രേഷൻ, തുടങ്ങി നിരവധി പ്രക്രിയകൾ അതിവേഗത്തിൽ പൂർത്തീകരിക്കാനുള്ള വിവിധ സംവിധാനങ്ങളാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ‌് അഫയേഴ്സ് ദുബായ് (ജിഡിആർഎഫ്എ) നടപ്പിലാക്കിയത്. ഈ പദ്ധതികൾ

കാരണം ദുബായ് എയർപോർട്ടിലെ യാത്രക്കാരുടെ യാത്രാ നടപടികളുടെ സമയം ഗണ്യമായി കുറഞ്ഞു.

 

ദേശീയത പ്രോത്സാഹനം, എമിറാത്തി സ്ത്രീ ശാക്‌തീകരണം എന്നീ വിഭാഗങ്ങളിലും ജിഡിആർഎഫ്എ ക്ക് ചടങ്ങിൽ അവാർഡ് ലഭിച്ചു. വകുപ്പ് സമഗ്രമായ എമിറേറ്റൈസേഷൻ നയത്തെ അടിസ്ഥാനമാക്കിയുള്ള ഒരു ഭരണസംവിധാനം ഇതിനകം നടപ്പിലാക്കിയതായി തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി “എമിറേറ്റൈസേഷൻ ലീഡർഷിപ്പ് മോഡൽ’ എന്ന സംവിധാനവും ആരംഭിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാശാക്ത‌ീകരണ വിഭാഗത്തിൽ ജിഡിആർഎഫ്എയിലെ സാലാ ഉബൈദ് ഹസനാണ് അവാർഡ് ലഭിച്ചത്. കൾച്ചറൽ ആൻഡ് ആർട്ട് വിഭാഗത്തിലാണ് പുരസ്‌കാരം.

Comments are closed.