ഹെവി ട്രക്കുകളുടെ ഭാരവും അളവും: അനുവദനീയമായ പരിധി ലംഘിച്ചാൽ 15,000 ദിർഹം വരെ പിഴ

അബുദാബി : യു.എ.ഇ. യിലെ ഹൈവേകളിൽ ഹെവി ട്രക്കുകൾ അനുവദനീയമായ പരമാവധിഭാരവും അളവും ലംഘിച്ചാൽ 15,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രാലയം അധികൃതർ അറിയിച്ചു.

വലിയ വാഹനങ്ങൾക്ക് അനുവദനീയമായ പരമാവധി ഭാരം അവയുടെ ആക്സിലുകളുടെ എണ്ണത്തിന് അനുസൃതമായിരിക്കും. രണ്ടു ആക്‌സിലുകളുള്ള വാഹനങ്ങൾക്ക് 21 ടൺ വരെയും മൂന്ന് ആക്‌സിലുകളുള്ളവയ്ക്ക് 34 ടൺ വരെയും നാലു ആക്‌സിലുകളുള്ളവയ്ക്ക് 45 ടൺ വരെയും പരമാവധി ഭാരം കയറ്റാം. അഞ്ച് ആക്സിലുകളുള്ള വാഹനങ്ങൾക്ക് 56 ടണ്ണും ആറു ആക്‌സിലുകളുള്ളവയ്ക്ക് 65 ടണ്ണുമാണ് അനുവദനീയമായ പരമാവധി ഭാരം.

ഒരു വലിയ വാഹനത്തിന് 12.5 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 4.6 മീറ്റർ ഉയരവും മാത്രമേ പാടുള്ളൂവെന്നും നിയമം വ്യക്തമാക്കുന്നുണ്ട്. ട്രക്ക് ഹെഡിനും സെമി-ട്രെയിലറിനും 21 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 4.6 മീറ്റർ ഉയരവുമുണ്ടായിരിക്കണം. ട്രക്ക് ഹെഡ്, സെമി-ട്രെയിലർ, ട്രെയിലർ എന്നിവയ്ക്ക് 28 മീറ്റർ വരെ നീളവും 2.6 മീറ്റർ വീതിയും 4.6 മീറ്റർ ഉയരവുമാകാം. ചെറിയ വാഹനങ്ങൾ കൊണ്ടുപോകുന്ന വലിയ വാഹനങ്ങൾക്ക് 23 മീറ്റർ നീളവും 2.6 മീറ്റർ വീതിയും 4.75 ഉയരവും മാത്രമാണ് അനുവദനീയമെന്നും നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

നിയമലംഘനം നടത്തുന്ന വാഹനങ്ങൾക്ക് 400 ദിർഹം മുതൽ 15000 ദിർഹം വരെ പിഴ ചുമത്തും. കൂടാതെ നിശ്ചിത അളവുകൾ പാലിച്ചില്ലെങ്കിൽ ഒരു ട്രിപ്പിന് 1500 ദിർഹം മുതൽ 3000 ദിർഹം വരെയും പിഴ ഈടാക്കും. ഭാരം കണക്കുകൂട്ടുന്ന വെയ്റ്റ് സ്റ്റേഷനുകളിൽനിന്നോ നിരീക്ഷണ മേഖലകളിൽനിന്നോ മനഃപൂർവം മാറുക, ലോഡുകളുടെ ഗതാഗത അനുമതിയിലെ നിയന്ത്രണങ്ങൾ പാലിക്കാതിരിക്കുക, ലോഡുകൾക്കായുള്ള ഗതാഗത അനുമതി അപേക്ഷയിൽ തെറ്റായ വിവരങ്ങൾ സമർപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 5000 ദിർഹം പിഴ ചുമത്തും.

അംഗീകൃത അധികാരികളുടെ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ 2500 ദിർഹമാണ് പിഴ. നിയമലംഘനങ്ങൾ ആവർത്തിച്ചാലോ പിഴ 45,000 ദിർഹത്തിന് മുകളിലെത്തിയാലും വാഹനം പിടിച്ചെടുക്കൽ ഉൾപ്പടെയുള്ള നടപടിയുണ്ടാകും.

വലിയ വാഹനങ്ങളുടെ ഭാരം, അളവ് എന്നിവ നിർണയിക്കുന്നതിന് ലൈസൻസിങ് അതോറിറ്റി അംഗീകരിച്ച ഉപകരണങ്ങൾ വാഹനങ്ങളിൽ ഘടിപ്പിക്കണം. മറ്റു രാജ്യങ്ങളിലെ ലൈസൻസ് ഉള്ളതുൾപ്പടെ യു.എ.ഇ.യുടെ റോഡുകളിൽ ഉപയോഗിക്കുന്ന എല്ലാ വലിയ വാഹനങ്ങൾക്കും പുതിയ നിയമം ബാധകമാണ്. സെക്യൂരിറ്റി, സൈന്യം, പോലീസ്, സിവിൽ ഡിഫൻസ് എന്നിവയുടെ വാഹനങ്ങളെ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഗതാഗത സുരക്ഷ വർധിപ്പിക്കാനും അപകടങ്ങൾ കുറയ്ക്കാനാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂഇ പറഞ്ഞു.

അടിസ്ഥാന സൗകര്യ, ഗതാഗത മേഖലകളെ പിന്തുണയ്ക്കാനും കാർബൺ പുറന്തള്ളൽ കുറയ്ക്കാനും നിയമം നിർണായക സംഭാവനകൾ നൽകുമെന്നാണ് വിലയിരുത്തൽ.

Comments are closed.