അബുദാബി : മധ്യപൂർവദേശത്തെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രമായ അബുദാബി ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനത്തിനൊരുങ്ങി. 14-ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. യു.എ.ഇ. ഭരണാധികാരികളടക്കം ഒട്ടേറെ അറബ് പ്രമുഖർ പങ്കെടുക്കും. ഓൺലൈൻ വഴി ദർശനത്തിന് രജിസ്റ്റർ ചെയ്തവർക്ക് 18-ന് പ്രവേശനം നൽകും.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ. യിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂയെന്ന് ബാപ്സ് ക്ഷേത്ര മേധാവി സ്വാമി ബ്രഹ്മവിഹാരിദാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമി നാരായൺ സൻസ്ഥക്ക് (ബാപ്സ്) കീഴിലാണ് ക്ഷേത്രം.
അബുദാബി സർക്കാർ സൗജന്യമായി നൽകിയ സ്ഥലത്ത് 2018 ഫെബ്രുവരിയിലാണ് ക്ഷേത്രത്തിന് ശിലയിട്ടത്. 2019-ൽ നിർമാണം ആരംഭിച്ചു. നിർമാണം പൂർത്തിയായെങ്കിലും മിനുക്കുപണികൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം വളർത്തിയെടുക്കുന്നതിനുള്ള പ്രതീകാത്മകവും ചരിത്രപരവുമായ നാഴികക്കല്ലാണ് ക്ഷേത്രമെന്ന് സ്വാമി ബ്രഹ്മവിഹാരിദാസ് പറഞ്ഞു. ഭൂമി നൽകിയതിന് അദ്ദേഹം യു.എ.ഇ. ഭരണകൂടത്തോട് നന്ദി പ്രകടിപ്പിച്ചു. ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികളായ സ്വാമി ഗണേശ്വർ, അശോക് കൊട്ടേച, വിശാൽ പട്ടേൽ, വിക്രം വോറ തുടങ്ങിയവരും പത്രസമ്മേളത്തിൻ പങ്കെടുത്തു.
ദുബായ്-അബുദാബി ഹൈവേയിലെ അബു മുറൈഖയിൽ 27 ഏക്കർ സ്ഥലത്ത് പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. യു.എ.ഇ.യിലെ ഏഴ് എമിറേറ്റുകളെ പ്രതിനിധാനം ചെയ്യുന്ന ഏഴ് ഗോപുരങ്ങളാണ് ക്ഷേത്രത്തിന്റെ പ്രധാന ആകർഷണം.ക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ 14-ന് രാവിലെ നടക്കും. വൈകീട്ടാണ് സമർപ്പണച്ചടങ്ങ്. മഹന്ത് സ്വാമി മഹാരാജ് കർമങ്ങൾക്ക് നേതൃത്വം നൽകും. ക്ഷണിക്കപ്പെട്ടവർക്ക് മാത്രമാണ് ഉദ്ഘാടന ദിനത്തിൽ പ്രവേശനം.
Comments are closed.