അബുദാബിയിൽ അനുമതിയില്ലാതെ ചിത്രമോ ദൃശ്യമോ ശബ്ദമോ പ്രചരിപ്പിച്ചാൽ വൻ പിഴ

അബുദാബി:  വ്യക്തികളുടെ സ്വകാര്യത ലംഘിക്കുംവിധം രഹസ്യം വെളിപ്പെടുത്തുന്നത് ശിക്ഷാർഹമാണെന്ന് അബുദാബി ജുഡീഷ്യൽ ഡിപാർട്ട്മെന്റ്. അനുമതിയില്ലാതെ ചിത്രമോ ദൃശ്യമോ ശബ്ദമോ എടുത്ത് പ്രചരിപ്പിക്കുന്നതും കുറ്റകരം. നിയമം ലംഘിക്കുന്നവർക്ക് 6 മാസം തടവും ഒന്നര ലക്ഷം ദിർഹം (34 ലക്ഷം രൂപ) മുതൽ 5 ലക്ഷം ദിർഹം (1.1 കോടി രൂപ) വരെ പിഴയും ലഭിക്കും.

വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സമൂഹത്തിനും രാജ്യത്തിനുമെതിരെ ദുഷ്പ്രചാരണം നടത്തുന്നതും ശിക്ഷാർഹമാണ്. സൈബർ നിയമം ലംഘിച്ചാലും കടുത്ത നടപടിയുണ്ടാകും. ഇതുസംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ബോധവൽക്കരണം ആരംഭിച്ചു. സത്യമാണെങ്കിലും ഒരു വ്യക്തിയെക്കുറിച്ചുള്ള വാർത്തകൾ, ചിത്രങ്ങൾ, അഭിപ്രായങ്ങൾ എന്നിവ അവരുടെ സമ്മതമില്ലാതെ പ്രസിദ്ധീകരിക്കുന്നതും കുറ്റകരമാണ്. അപകടത്തിൽ പരുക്കേറ്റവരുടെയോ മരിച്ചവരുടെയോ ഇരകളുടെയോ ചിത്രം സമ്മതമില്ലാതെ പ്രസിദ്ധീകരിക്കാനും പാടില്ല. ഒരു വ്യക്തിയുടെ ജിപിഎസ് ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നതും മറ്റൊരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതിന് ശബ്ദ, ദൃശ്യ സന്ദേശവും ചിത്രവും അയയ്ക്കുന്നതും നിയമലംഘനമാണ്. കുറ്റം തെളിഞ്ഞാൽ ഒരു വർഷം തടവും രണ്ടര ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ.

Comments are closed.